ഗോഡ്ഫാദർ ഇല്ലാതെ സിനിമയിലെത്തി, ആദ്യ പ്രതിഫലം 500 രൂപ- കെജിഎഫ് താരം യഷ് പറയുന്നു…

April 11, 2022

കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് യഷ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അഭിനയ വിസ്മയത്തില്‍ കൈയടി നേടുമ്പോള്‍ യഷ് എന്ന നടന് തന്റെ സിനിമ ജീവിതത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന യഷ് സിനിമയിൽ ഗോഡ്‌ഫാദറുമാരില്ലാതെ തന്നെ തെന്നിന്ത്യയിലെ സൂപ്പർ താരത്തിലേക്ക് വളർന്നത് പെട്ടന്ന് ഒരു ദിവസം കൊണ്ടല്ല, മറിച്ച് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്.

സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നുമായിരുന്നില്ല യാഷിന്റെ വരവ്. എന്നാല്‍ ആ മനസ്സില്‍ ചെറുപ്പം മുതല്‍ക്കേ സിനിമയായിരുന്നു. ബസ് ഡ്രൈവറായിരുന്നു യഷിന്റെ പിതാവ്. മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. നവീന്‍ കുമാര്‍ എന്നാണ് യഷിന്റെ യഥാര്‍ത്ഥ പേര്. സിനിമാ മോഹം തലയ്ക്കു പിടിച്ച യഷിനെ മാതാപിതാക്കൾ വിലക്കി, ഇത് ശാശ്വതമായ വരുമാനം ലഭിക്കുന്ന ഒരു മേഖല അല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. സിനിമ വളരെ സങ്കീർണമായ ഒന്നാണെന്നും അതിൽ പ്രവേശിക്കാൻ തനിക്ക് കഴിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. എന്നാൽ സിനിമാമോഹം ഉപേക്ഷിക്കാൻ നവീൻ കുമാർ തയാറായിരുന്നില്ല.

അവിടെനിന്നുമാണ് നവീന്‍ കുമാര്‍ എന്ന സാധാരണക്കാരന്‍ യഷ് എന്ന സൂപ്പര്‍ താരപദവിയിലേയ്ക്ക് എത്തിയത്. ഒരു ഹീറോയാകണമെന്ന തീവ്ര മോഹത്താല്‍ വീടു വിട്ടിറങ്ങിയ യാഷിന്റെ കൈയില്‍ അന്ന് ആകെയുണ്ടായിരുന്നത് 300 രൂപ മാത്രമായിരുന്നു. സിനിമ ആഗ്രഹവുമായി ബംഗളൂരു എന്ന വലിയ നഗരത്തിലെത്തിയപ്പോഴും അദ്ദേഹം ആത്മവിശ്വാസത്തെ വിട്ടുകൊടുത്തില്ല. സിനിമ എന്ന ആഗ്രഹത്തെ ചേര്‍ത്തു പിടിയ്ക്കുകയും ചെയ്തു.

Read also: എന്നെ കൊച്ചുമകനായി സ്വീകരിക്കാമോ, യുവാവിന്റെ ചോദ്യത്തിന് ഹൃദ്യമായ മറുപടി നൽകി ഒരമ്മ

ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ട് സന്ദർഭങ്ങളിൽ പല ബന്ധുക്കളും തങ്ങളെ വിട്ട് പോയി, അന്നും കൂടെനിന്നവരെ ബഹുമാനത്തോടെ ഓർക്കുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട ബന്ധുക്കൾ പ്രേക്ഷകരാണെന്നും യഷ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യകാലത്ത് സീരിയലുകളായിരുന്നു വരുമാനം നേടിത്തന്നത്. ദിവസവും 500 രൂപയായിരുന്നു വരുമാനം. പിന്നീട് സീരിയലുകളിൽ അവസരം വന്നപ്പോൾ അത് നിരസിച്ചു. പിന്നീട് 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞപ്പോൾ ആ അവസരങ്ങൾ ഏറ്റെടുത്തു. കാരണം അന്ന് പണത്തിന് നല്ല ബുദ്ധിമുട്ടുള്ള സമയമായിരുന്നു.

ആ കാലത്ത് എല്ലാവരും കാറിൽ സെറ്റിലേക്ക് വരുമ്പോൾ താൻ ബൈക്കിലായിരുന്നു വന്നിരുന്നത്. അന്ന് കിട്ടുന്ന കാശിന് ഡ്രസ്സുകളായിരുന്നു വാങ്ങിയിരുന്നത്. എല്ലാവരും കാർ വാങ്ങിക്കാൻ പറഞ്ഞപ്പോൾ ഇപ്പോൾ കുറച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് നടക്കട്ടെ, വലിയ കാർ ഞാൻ മറ്റൊരിക്കൽ വാങ്ങിക്കോളാമെന്ന് മറുപടി നൽകി. ഒടുവിൽ ആരോ എന്നെ ശ്രദ്ധിച്ചു, അങ്ങനെ ഞാൻ സിനിമയിലും എത്തി-യഷ് പറയുന്നു.

Read also: സ്ത്രീകൾക്ക് കാറ്ററിങ് ജോലി പറ്റുമോ..? ചോദ്യങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട ഒരമ്മ കാണിച്ചുതരുന്നത്…

അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് കെജിഎഫിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്ക്കത്തും. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം.

Story highlights: Yash says about his cinema life