ഹെറ്റ്മയറിന്റെ ‘ഹിറ്റി’ന് മുൻപിൽ പകച്ച് ലഖ്‌നൗ’; മികച്ച സ്‌കോർ നേടി സഞ്ജുവിന്റെ രാജസ്ഥാൻ
രാജസ്ഥാന്റെ അവസാന ഓവറുകളിൽ കണ്ടത് ഷിംറോൺ ഹെറ്റ്മയറിന്റെ ഒറ്റയാൻ പ്രകടനമായിരുന്നു. ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും സിക്സറുകൾ പറത്തി താണ്ഡവമാടുന്ന ഹെറ്റ്മയറിന് മുൻപിൽ ലഖ്‌നൗ പകച്ച് നിൽക്കുന്ന കാഴ്‌ചയാണ് ആരാധകർ കണ്ടത്. 6 സിക്സറുകളാണ് താരം പായിച്ചത്. താരത്തിന്റെ അതിവേഗ അർധസെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാൻ 20 ഓവറിൽ 165 റൺസെടുത്തത്.
തുടക്കം മുതൽ ആക്രമിച്ചു തന്നെയാണ് രാജസ്ഥാൻ കളിച്ചത്. മലയാളിയായ ദേവദത്ത് പടിക്കൽ ചമീരയുടെ ആദ്യ ഓവറിൽ രണ്ട് ബൗണ്ടറികളാണ് നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സും ഫോറും പറത്തി ജോസ് ബട്‌ലർ പടിക്കലിന് പൂർണ പിന്തുണ നൽകി. അടുത്ത ഓവറുകളിൽ എട്ടും പന്ത്രണ്ടും റണ്ണുകൾ നേടി രാജസ്ഥാൻ വേഗത്തിൽ സ്‌കോർ ചെയ്തു കൊണ്ടിരുന്നു.
പിന്നീട് രാജസ്ഥാൻ മത്സരം പതിയെ കൈവിട്ട് തുടങ്ങിയപ്പോഴാണ് ഷിംറോൺ ഹെറ്റ്മയറിന്റെ രംഗപ്രവേശം. അവസാന ഓവറുകളിൽ ഹെറ്റ്മയർ തകർത്തടിച്ചു തുടങ്ങി. 28 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ താരത്തിന് മികച്ച പിന്തുണ നൽകിയെങ്കിലും പത്തൊൻപതാം ഓവറിൽ അശ്വിൻ റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. അതിന് ശേഷം ക്രീസിലെത്തിയ റിയാൻ പരാഗും മികച്ച ബാറ്റിങ്ങാണ് കാഴ്‌ചവെച്ചത്.
ലഖ്‌നൗവിന് വേണ്ടി ജേസൺ ഹോൾഡറും കൃഷ്ണപ്പ ഗൗതമും 2 വിക്കറ്റുകൾ വീതം നേടിയപ്പോൾ ആവേശ് ഖാൻ 1 വിക്കറ്റ് നേടി.
Read More: ഡൽഹിക്ക് 44 റൺസിന്റെ മിന്നും ജയം; കൊൽക്കത്തയെ തകർത്തത് കുൽദീപും ഖലീലും
ഇരുടീമുകളും ചില മാറ്റങ്ങളോടെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. ലഖ്നൗ ടീമില്‍ എവിന്‍ ലൂയിസിന് പകരം മാര്‍ക്കസ് സ്റ്റോയിനിസും ആന്‍ഡ്ര്യു ടൈക്ക് പകരം ചമീരയും ഇന്ന് കളിക്കാനിറങ്ങിയിട്ടുണ്ട്.. അതേ സമയം രാജസ്ഥാൻ ടീമിൽ നവദീപ് സെയ്നിക്ക് പകരം കുല്‍ദീപ് സെന്നും യശസ്വി ജയ്‌സ്വാളിന് പകരം റാസി വാന്‍ഡര്‍ ഡസ്സനും അന്തിമ ഇലവനിലെത്തി.
Story Highlights: Hetmyer helps rajasthan in getting good score