ഏഴ് വേഷം ഒരേയൊരു വിക്രം- ‘കോബ്ര’ റിലീസിനൊരുങ്ങുമ്പോൾ…

May 21, 2022

വിക്രമിന്റെ ചിത്രങ്ങളോട് സിനിമ പ്രേമികൾക്ക് എന്നും ആവേശമാണ്. തെന്നിന്ത്യൻ സിനിമ ലോകത്ത് വിസ്മയങ്ങൾ ഒരുക്കുന്ന കലാകാരിൽ ഒരാളാണ് ചിയാൻ വിക്രം. വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായി അണിയറയിൽ ഒരുങ്ങുന്നത് അജയ് ജ്ഞാനമുത്തു ഒരുക്കുന്ന കോബ്രയാണ്. ചിത്രം ആഗസ്റ്റ് 11 ന് തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

നിരവധി വ്യത്യസ്ത ഗെറ്റപ്പിൽ താരം എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ നേരത്തെ ചലച്ചിത്രലോകത്ത് ചർച്ചയായിരുന്നു. ഒന്നും രണ്ടുമല്ല ഏഴ് വ്യത്യസ്ത വേഷത്തിലാണ് ചിത്രത്തിൽ വിക്രം പ്രത്യക്ഷപ്പെടുന്നത്. അതേസമയം സംഗീത മാന്ത്രികൻ എ ആർ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ അധീര എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാ. വിജയ് വരികള്‍ രചിച്ച ഗാനം പാടിയിരിക്കുന്നത് വാഗു മാസനാണ്.

‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടെ കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളി താരം റോഷന്‍ മാത്യുവും മിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇര്‍ഫാന്‍ പഠാന്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത് എന്നാണ് സൂചന. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read also: മോഹൻലാലിന് പിറന്നാൾ സമ്മാനമൊരുക്കി പൃഥ്വിരാജ്, ശ്രദ്ധനേടി വിഡിയോ

എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട് എന്ന ടാഗ്- ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക. അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും വിക്രമിന്റെ മേക്കോവർ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’. നേരത്തെയും വേഷപ്പകർച്ചകൊണ്ട് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ച ചലച്ചിത്ര താരമാണ് വിക്രം. താരത്തിൻറേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് മഹാൻ ആണ്.

Story highlights: About Vikram Movie Cobra