മോഹൻലാലിന് പിറന്നാൾ സമ്മാനമൊരുക്കി പൃഥ്വിരാജ്, ശ്രദ്ധനേടി വിഡിയോ

May 21, 2022

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സൂപ്പർ താരമാണ് മോഹൻലാൽ…അഭിനേതാവായും ചേട്ടനായും സുഹൃത്തായുമൊക്കെ വന്ന് ഒരു ജനതയുടെ മുഴുവൻ ഹൃദയങ്ങൾ കവർന്ന മോഹൻലാൽ എന്ന അതുല്യ പ്രതിഭയ്ക്ക് ഇന്ന് അറുപത്തിരണ്ടാം പിറന്നാൾ. ഈ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസകളുമായി ആരാധകരും സിനിമ ലോകത്ത് നിന്നുള്ളവരുമായി നിരവധിപ്പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച പിറന്നാൾ ആശംസ. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോ ഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് വീഡിയോ ആണ് പിറന്നാൾ സമ്മാനമായി താരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ആദ്യം ചിത്രം ലൂസിഫറിന് ലഭിച്ച അതേ പിന്തുണയാണ് രണ്ടാമത്തെ ചിത്രത്തിനും ലഭിച്ചത്. എന്തായാലും താരത്തിന്റെ പിറന്നാൾ ആശംസ വിഡിയോയും വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Read also: പിറന്നാൾ നിറവിൽ ലാലേട്ടൻ, ആശംസയുമായി മമ്മൂക്ക

1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രനായി പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തിയ ചലച്ചിത്രതാരമാണ് മോഹൻലാൽ. വില്ലനായി വന്ന് നായകനായി മാറിയ മോഹൻലാൽ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയിട്ട് വർഷങ്ങളേറെയായി. ഇതിനോടകം താരത്തിന്റെ ഒട്ടനവധി ചിത്രങ്ങളും കഥാപാത്രങ്ങളും മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇനിയും ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാനുള്ള തിരക്കിലാണ് താരമിപ്പോൾ.

അഭിനേതാവായി വന്ന് മലയാളി ഹൃദയം കവർന്ന നടൻ സംവിധായകനായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ചിത്രമാണ് ബറോസ്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും എന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു.

Story highlights: Prithviraj Sukumaran’s birthday wishes to Mohanlal- video