പിറന്നാൾ നിറവിൽ ലാലേട്ടൻ, ആശംസയുമായി മമ്മൂക്ക

May 21, 2022

അഭിനയകലയിലെ അപൂർവതയായ മലയാളികളുടെ ഇഷ്ടതാരം മോഹൻലാലിന് ഇന്ന് പിറന്നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ തങ്ങളുടെ ഇഷ്ടതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ്. സിനിമ താരങ്ങളും ആരാധകരുമടക്കമുള്ളവരുടെ പിറന്നാൾ ആശംസകളാൽ സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ എന്ന അതുല്യ കലാകാരൻ നിറഞ്ഞുനിൽക്കുകയാണ്. മലയാളികളുടെ ഇഷ്ടതാരത്തിന് വ്യത്യസ്മായ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകർ എത്തുമ്പോൾ, സ്‌പെഷ്യൽ പിറന്നാൾ ആശംസകളുമായി എത്തുകയാണ് മമ്മൂട്ടി. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്

അതേസമയം 62 ആം പിറന്നാൾ ആഘോഷിക്കുന്ന താരരാജാവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നിരവധി വിഡിയോകളും ഇതിനോടകം പ്രേക്ഷകരിലേക്കെത്തിക്കഴിഞ്ഞു. അഭിനേതാവായും ഗായകനായുമെല്ലാം തിളങ്ങിയ താരം സംവിധായക വേഷം അണിയുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ബറോസ്. പ്രധാന കഥാപാത്രമായ ബറോസായി മോഹൻലാലാണ് ചിത്രത്തിൽ എത്തുന്നത്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.

Read also:‘സഹോദരൻ, സഹപ്രവർത്തകൻ, സുഹൃത്ത്..നിങ്ങൾ എനിക്കാരാണെന്ന് വാക്കുകൾക്ക് നിർവചിക്കാൻ കഴിയില്ല”; ജൂനിയർ എൻടിആറിന് ജന്മദിന ആശംസകളുമായി രാംചരണ്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു.

അതേസമയം ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ട്വൽത്ത് മാൻ ആണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. താരത്തിൻറേതായി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights: Mammootty’s birthday wishes to Mohanlal