‘സഹോദരൻ, സഹപ്രവർത്തകൻ, സുഹൃത്ത്..നിങ്ങൾ എനിക്കാരാണെന്ന് വാക്കുകൾക്ക് നിർവചിക്കാൻ കഴിയില്ല”; ജൂനിയർ എൻടിആറിന് ജന്മദിന ആശംസകളുമായി രാംചരണ്‍

May 20, 2022

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ ജന്മദിനമാണിന്ന്. ഇന്ത്യ മുഴുവനുള്ള അദ്ദേഹത്തിന്റെ ആരാധകരും പ്രമുഖ താരങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ എൻടിആറിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് നടന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ എൻടിആറിന്റെ അടുത്ത സുഹൃത്തും തെലുങ്ക് സൂപ്പർ താരവുമായ രാം ചരണ്‍ താരത്തിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വൈറലാവുന്നത്. ‘സഹോദരൻ, സഹപ്രവർത്തകൻ, സുഹൃത്ത്..നിങ്ങൾ എനിക്കാരാണെന്ന് വാക്കുകൾക്ക് നിർവചിക്കാൻ കഴിയില്ല, ജന്മദിനാശംസകൾ’ എന്നാണ് രാം ചരണ്‍ തന്റെ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ജൂനിയര്‍ എൻടിആറിനെ ആലിംഗനം ചെയ്യുന്ന ഒരു ഫോട്ടോയും രാം ചരണ്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ബാഹുബലി സിനിമകളിലൂടെ ലോക പ്രശസ്‌തനായ സംവിധായകൻ എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർആർആറിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം വലിയ സൗഹൃദമാണ് രണ്ട് നടന്മാരും പരസ്‌പരം നിലനിർത്തിയിട്ടുള്ളത്. ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളിൽ ഇരുവരും പങ്കുവെക്കുന്ന തമാശകൾ ആരാധകർക്ക് വലിയ കൗതുകമായിരുന്നു.

Read More: ‘ഓർക്കപ്പെടേണ്ടത് രക്തത്തിൽ കുതിർന്ന മണ്ണ് മാത്രം’; കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിൽ ജൂനിയർ എൻടിആർ

അതേ സമയം ജൂനിയർ എൻടിആറിന്റെ ജന്മദിനത്തിൽ പുറത്തു വന്ന മറ്റൊരു വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. പ്രഭാസിനെ നായകനാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ചിത്രത്തിന് ശേഷം ജൂനിയർ എൻടിആറിന് ഒപ്പമുള്ള ചിത്രത്തിനായി സംവിധായകൻ തയാറാവുന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എൻടിആറിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ഇന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശാന്ത് നീലടക്കമുള്ളവർ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Story Highlights: Ram charan wishes junior ntr on his birthday