‘ഓർക്കപ്പെടേണ്ടത് രക്തത്തിൽ കുതിർന്ന മണ്ണ് മാത്രം’; കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിൽ ജൂനിയർ എൻടിആർ

May 20, 2022

ഇന്ത്യ മുഴുവൻ വമ്പൻ വിജയം നേടിയ കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്‌തനായ സംവിധായകനാണ് പ്രശാന്ത് നീൽ. അവിശ്വസനീയമായ വിജയമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ലോകമെങ്ങും നേടിയത്. ചിത്രത്തിന്റെ മൂന്നാമത്തെ ഭാഗം ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു.

എന്നാലിപ്പോൾ മറ്റൊരു വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. തെലുങ്ക് നായകൻ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറിന് ഒപ്പമുള്ള ചിത്രത്തിനായി സംവിധായകൻ തയാറാവുന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എൻടിആറിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശാന്ത് നീലടക്കമുള്ളവർ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘ഓർക്കപ്പെടേണ്ടത് രക്തത്തിൽ കുതിർന്ന മണ്ണ് മാത്രം’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്. മൈത്രി മൂവി മേക്കേഴ്‌സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

‘സലാർ’ ആണ് പ്രശാന്ത് നീലിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ബാഹുബലി താരം പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More: ‘ദൃശ്യം 3 വരുമോന്ന് ചോദിച്ചാൽ…’; മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്

അതേ സമയം ലോകത്താകമാനം അമ്പരപ്പിക്കുന്ന വിജയമാണ് കെജിഎഫ് 2 നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും പറയുന്നത്.

Story Highlights: NTR jr in prashanth neel film