ഭർത്താവിന്റെ വീട്ടിലേക്ക് പോകാനാവില്ലെന്ന് പറഞ്ഞതിന് 2 മണിക്കൂറോളം വെളിയിൽ നിർത്തി പാഠം പഠിപ്പിക്കാൻ ശ്രമിച്ച വീട്ടുകാർ…ശ്രദ്ധനേടി യുവതിയുടെ കുറിപ്പ്

May 25, 2022

സ്ത്രീധന പരാതികളും ഗാർഹിക പീഡന മരണങ്ങളും തുടർക്കഥയാകുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ഒരു യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഭർത്താവിന്റെ വീട്ടിലേക്ക് പോകാനാവില്ലെന്നു പറഞ്ഞ് സ്വന്തം വീട്ടിലെത്തിയപ്പോൾ മുറി തുറന്നു തരാതെ രണ്ടു മണിക്കൂറോളം വെളിയിൽ നിർത്തി പാഠം പഠിപ്പിക്കാൻ ശ്രമിച്ച വീട്ടുകാരെക്കുറിച്ചും അന്ന് അവിടെ നിന്നും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പറയുന്ന കുറിപ്പാണ് മായ എസ് പരമശിവൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഭർത്താവിന്റെ വീട്ടിലേക്ക് പോകാനാവില്ലെന്നു പറഞ്ഞ് സ്വന്തം വീട്ടിലേക്കെത്തിയ എനിക്ക് മുറി തുറന്നു തരാതെ രണ്ടു മണിക്കൂറോളം വെളിയിൽ നിർത്തി പാഠം പഠിപ്പിക്കാൻ ശ്രമിച്ച എന്റെ വീട്ടുകാരെ എനിക്ക് ഇടയ്ക്ക് ഓർമ്മ വരും. രാത്രിയിലെ ഇരുട്ടൊന്നും എനിക്കന്ന് വലിയ പ്രശ്നമായി തോന്നിയില്ല. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മുറിയുടെ താക്കോൽ തന്നു. ഉറക്കമൊന്നും വന്നില്ല. രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ ഉറക്കമിളച്ചിരുന്ന് അമ്മ എഴുതിയ ഒരു എഴുത്ത് വാതിലിനിടയിൽ വെച്ചിരിക്കുന്നു.

ഭർത്താവിന്റെ വീട്ടിലേക്ക് പോയില്ലെങ്കിൽ വീട്ടിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന കൂട്ട ആത്മഹത്യ അടക്കമുള്ള എല്ലാ ക്ലീഷേയും ആ എഴുത്തിൽ ഉണ്ടായിരുന്നു. അടി, വഴക്ക്, കരച്ചിൽ, ആത്മഹത്യാ ഭീഷണി അങ്ങനെ എല്ലാമടങ്ങിയ ഒരു പാക്കേജായിരുന്നു എനിക്ക് വീട്ടുകാർ വെച്ചു നീട്ടിയത്. പിന്നെ എന്റെ തൊലിക്കട്ടിക്കും മനക്കട്ടിയ്ക്കും മുന്നിൽ അതൊന്നും ഏശിയില്ല എന്നുള്ളതാണ് സത്യം. അത് പക്ഷേ പറയുന്നത്ര ലാഘവമുള്ളതായിരുന്നില്ല.

അവർ ചില കാര്യങ്ങൾ മനസ്സിലാക്കാൻ കുറേക്കൂടി സമയമെടുത്തു. പിന്നീട് അവരെല്ലാവരും കൂടെ നിന്നു. നീ തീരുമാനിക്കുന്നതു പോലെ നടക്കട്ടെ എന്ന് പറയുന്നതിന് എടുത്ത സമയം ഒരു വലിയ പരീക്ഷണഘട്ടം തന്നെയായിരുന്നു. മരിക്കാതിരിക്കാൻ ഏറെ പരിശ്രമിച്ച ദിവസങ്ങൾ.

(വീട്ടുകാർ വിഷമിക്കുന്നത് എനിക്ക് സങ്കടമുള്ള കാര്യമാണ്. Post നാളെ delete ചെയ്യും.)

Story highlights; After Vismaya case verdict woman shares her experience