‘ഹോളിവുഡ് നടന്മാരെക്കാൾ റേഞ്ചുള്ള നടനാണ് മമ്മൂട്ടി, ശരിക്കുമൊരു രാജമാണിക്യം’; വൈറലായി മമ്മൂട്ടിയെ പുകഴ്ത്തി അൽഫോൻസ് പുത്രൻ പറഞ്ഞ വാക്കുകൾ

May 25, 2022

ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ നടൻ മമ്മൂട്ടി. വ്യത്യസ്‌തമായ ഒട്ടേറെ കഥാപാത്രങ്ങളുമായി അഞ്ച് പതിറ്റാണ്ടുകളായി മലയാളി മനസ്സുകളിൽ ഇടം നേടിയ മമ്മൂട്ടി ഇപ്പോഴും മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ്.

ഇപ്പോൾ നടൻ മമ്മൂട്ടിയെ പറ്റി പുതുതലമുറ സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായ അൽഫോൻസ് പുത്രൻ പറഞ്ഞ വാക്കുകളാണ് സിനിമ പ്രേക്ഷകർക്ക് ആവേശമാവുന്നത്. മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തെ പുകഴ്‌ത്തി അൽഫോൻസ് തന്റെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവെച്ചിരുന്നു. ഇതിന് താഴെ കമന്റ് ചെയ്‌ത ഒരു തമിഴ് ആരാധകന് അൽഫോൻസ് നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്.

മമ്മൂട്ടി സാർ ലോകത്തെ ഏറ്റവും മികച്ച നടന്മാരിലൊരാളാണെന്നും സ്റ്റാർഡം ഇല്ലാത്ത ഒരു അദ്‌ഭുത മനുഷ്യനാണെന്നും പറഞ്ഞ ആരാധകന്റെ കമന്റിനാണ് അൽഫോൻസ് മറുപടി പങ്കുവെച്ചത്. താങ്കൾ പറഞ്ഞത് വളരെ ശരിയാണെന്നും ലോകത്തെ ഏറ്റവും മികച്ച നടന്മാരായ ക്ലിന്റ് ഈസ്റ്റ്‌വുഡിനേക്കാളും റോബർട്ട് ഡി. നിറോയേക്കാളും ആൽപച്ചീനോയേക്കാളും റേഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്നാണ് താൻ കരുതുന്നതെന്നും അൽഫോൻസ് പറഞ്ഞു. തന്റെ അഭിപ്രായത്തിൽ അദ്ദേഹം ശരിക്കും ഒരു രാജമാണിക്യമാണെന്നും കേരളത്തിന്റെയും, തമിഴ് നാടിന്റെയും, ഇന്ത്യയുടേയും മാത്രമല്ല ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്നങ്ങളിലൊരാളാണെന്നും അൽഫോൻസ് കൂട്ടിച്ചേർത്തു.

Read More: കണ്ണുനിറച്ച് കമൽഹാസൻ ചിത്രത്തിലെ ഗാനം; വിക്രം പ്രേക്ഷകരിലേക്ക്

നേരത്തെ ഭീഷ്‌മപർവ്വം കണ്ടതിന് ശേഷം ചിത്രത്തെ പ്രശംസിച്ച് അൽഫോൻസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തു വന്ന ചിത്രം കൂടിയായിരുന്നു മമ്മൂട്ടി-അമൽ നീരദ് കൂട്ടുക്കെട്ടിലൊരുങ്ങിയ ഭീഷ്മപർവ്വം. വലിയ കാത്തിരിപ്പിന് ശേഷം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്.

Story Highlights: Alphonse puthren praises mammootty’s acting