‘അനൂ, റിയാക്ഷൻ ഇടൂ’ എന്ന് പറഞ്ഞാൽ കൺഫ്യൂഷൻ അടിച്ച്‌ ഒരുമിച്ച്‌ റിയാക്ഷൻ ഇടുന്ന ഞങ്ങൾ- രസികൻ ചിത്രവുമായി അനു മോഹൻ

May 22, 2022

ദൃശ്യം 2’ ന്റെ ഗംഭീര വിജയത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ട്വൽത്ത് മാൻ. മിസ്റ്ററി ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തിയേറ്ററിൽ കാണാൻ സാധിച്ചില്ല എന്ന സങ്കടമാണ് പ്രേക്ഷകർ പലരും പങ്കുവയ്ക്കുന്നത്. മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രം കൗതുകകരമായ ഒരു സംഗമത്തിന് കൂടി സാക്ഷ്യം വഹിച്ചിരുന്നു.

അനുശ്രീ, അനുസിത്താര, അനു മോഹൻ എന്നിങ്ങനെ മലയാള സിനിമയിലെ ‘അനു’ താരങ്ങൾ എല്ലാം ഒന്നിച്ച് എത്തിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ, പേര് ഒരുപോലെ ആയത് എങ്ങനെയാണ് സെറ്റിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന് രസകരമായ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് അനു മോഹൻ. ‘അനു (ശ്രീ, മോഹൻ, സിത്താര). ജീത്തു സർ “അനൂ റിയാക്ഷൻ ഇടൂ’ എന്ന് പറഞ്ഞാൽ കൺഫ്യൂഷൻ അടിച്ച്‌ ഒരുമിച്ച്‌ റിയാക്ഷൻ ഇടുന്ന ഞങ്ങൾ’- മൂവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം,  ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന മറ്റൊരു ചിത്രമാണ് റാം.  തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

അതേസമയം, ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരുന്നു ദൃശ്യം 2-പ്രേക്ഷകരിലേയ്‌ക്കെത്തിയത്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി. തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ഇതേ കൂട്ടുകെട്ടിൽ എത്തിയ ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. 

Story highlights- anu mohan about 12th man location