ഒടുവിൽ ബീസ്റ്റിലെ വൈറൽ ഗാനമെത്തി; ‘ഹലമിത്തി ഹബീബോ’ വിഡിയോ ഗാനം റിലീസ് ചെയ്‌തു

May 9, 2022

ലോകമെങ്ങുമുള്ള സിനിമ ആരാധകർ ഏറെ കാത്തിരുന്ന വിജയ് ചിത്രമാണ് ‘ബീസ്റ്റ്.’ കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകളെ വീണ്ടും ഇളക്കിമറിച്ച് വലിയ ഹിറ്റായ ‘ഡോക്ടർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസനാണ് ബീസ്റ്റും ഒരുക്കിയത്. ഇതിനാൽ തന്നെ ആരാധകർ ഇരട്ടി ആവേശത്തിലായിരുന്നു.

തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു വിഭാഗം പ്രേക്ഷകർ ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പങ്കുവെച്ചിരുന്നു. എന്തൊക്കെയായാലും ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ മികച്ച ബോക്സോഫീസ് വിജയമാണ് ചിത്രം നേടിയത്.

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറുമൊക്കെ വൈറലായിരുന്നു. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായത് ‘ഹലമിത്തി ഹബീബോ’ എന്ന് തുടങ്ങുന്ന ഗാനമാണ്. അമ്പരപ്പിക്കുന്ന രീതിയിലാണ് പ്രേക്ഷകർ ഗാനം ഏറ്റെടുത്തത്. ഇപ്പോൾ വലിയ ഹിറ്റായ ഈ ഗാനത്തിന്റെ വിഡിയോ സോങ് പുറത്തു വന്നിരിക്കുകയാണ്.

ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് ആളുകളെ മുഴുവൻ ബന്ദികളാക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബന്ദികളാക്കപ്പെടുന്ന ആളുകളിലൊരാളായ വിജയിയുടെ കഥാപാത്രം അവരുടെ രക്ഷകരായി മാറുന്നു. വീരരാഘവൻ എന്ന സ്പൈ ഏജന്റായാണ് വിജയി ചിത്രത്തിലെത്തിയത്.

Read More: നിങ്ങൾ കേൾക്കുന്നത് ‘മേരി ആവാസ് സുനോ..’- ട്രെയ്‌ലർ

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തിയത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്‌ത ചിത്രമായ ബീസ്റ്റ് സണ്‍ പിക്ചേഴ്സ് ആണ് നിര്‍മിച്ചത്. വിജയിയുടെ കരിയറിലെ 65-മത്തെ ചിത്രമായ ബീസ്റ്റിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും അഭിനയിച്ചിരുന്നു. സംവിധായകൻ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story Highlights: Arabic kuthu video song released