ഇന്ന് എലിമിനേറ്റർ; ജീവന്മരണ പോരാട്ടത്തിന് ബാംഗ്ലൂരും ലഖ്‌നൗവും

May 25, 2022

ഐപിഎൽ പ്ലേ ഓഫിലെ എലിമിനേറ്ററിൽ ഇന്ന് കെ എൽ രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയൻറ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുകയാണ്. തോൽക്കുന്ന ടീം പുറത്താകുമെന്നതിനാൽ ജീവന്മരണ പോരാട്ടമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തെ കാണുന്നത്.

മികച്ച ഫോമിലാണ് ബാംഗ്ലൂർ ടീം. നാളുകളായി ഫോമിലേക്കുയരാൻ കഴിയാതിരുന്ന മുൻ നായകൻ വിരാട് കോലി കഴിഞ്ഞ മത്സരത്തിൽ മികച്ച ഫോമിലേക്ക് തിരിച്ചു വന്നതും അപ്രതീക്ഷിതമായ പ്ലേ ഓഫ് പ്രവേശനവുമെല്ലാം ബാംഗ്ലൂർ ടീമിന് വലിയ ആവേശമായിട്ടുണ്ട്. അതിനാൽ തന്നെ നേരിയ മുൻ‌തൂക്കം ഇന്നത്തെ മത്സരത്തിൽ ബാംഗ്ലൂരിനുണ്ടെന്ന് പറയേണ്ടി വരും.

കോലിക്കൊപ്പം ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, ദിനേശ് കാർത്തിക്, രജത് പട്ടിദാർ എന്നീ ബാറ്റർമാരിലും ബാംഗ്ലൂർ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഒപ്പം ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേല്‍ എന്നീ ബൗളർമാർ എതിർ ടീമുകൾക്ക് വലിയ തലവേദനയാവുന്ന പ്രകടനമാണ് കാഴ്‌ചവെയ്ക്കാറുള്ളത്. 57 വിക്കറ്റുകളാണ് 14 മത്സരങ്ങളിൽ മൂന്ന് പേരും ചേർന്ന് വീഴ്ത്തിയത്.

എന്നാൽ അരങ്ങേറ്റ സീസണിൽ തന്നെ പ്ലേ ഓഫിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ ടീം. സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം തന്നെയാണ് കെ എൽ രാഹുലിന്റെ നേതൃത്വത്തിൽ ടീം കാഴ്‌ചവെയ്‌ക്കുന്നത്.വളരെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ലഖ്‌നൗവിനുള്ളത്. നായകൻ കെ എൽ രാഹുലും ക്വിന്‍റൺ ഡികോക്കും കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. അതോടൊപ്പം തന്നെ മാർക്ക്സ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ആയുഷ് ബദോനി, ജേസൺ ഹോൾഡർ എന്നീ ബാറ്റർമാരിലും ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, രവി ബിഷ്‌ണോയി എന്നീ ബൗളർമാരിലും ലഖ്‌നൗ പ്രതീക്ഷയർപ്പിക്കുന്നു.

Read More: 7 വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഫൈനലിലേക്ക്; രാജസ്ഥാന് രണ്ടാം ക്വാളിഫയറിൽ ഒരവസരം കൂടി

രാത്രി 7.30 നാണ് മത്സരം തുടങ്ങുന്നത്. മഴയുടെ ഭീഷണി ഉണ്ടെങ്കിലും കൃത്യ സമയത്ത് തന്നെ മത്സരം തുടങ്ങാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Story Highlgihts: Bangalore vs lucknow eliminator match today