ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂർ, വീണ്ടും പൂജ്യത്തിന് പുറത്തായി കോലി; പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുള്ള പോരാട്ടത്തിൽ ബാംഗ്ലൂരും ഹൈദരാബാദും

May 8, 2022

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുള്ള വലിയ പോരാട്ടത്തിലാണ് ഇരു ടീമുകളും. അതിനാൽ തന്നെ ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ലക്ഷ്യമിടുന്നില്ല. 11 കളിയിൽ നിന്ന് 12 പോയിന്റുള്ള ബാംഗ്ലൂരും 10 കളികളിൽ നിന്ന് 10 പോയിന്റ് നേടിയിട്ടുള്ള ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളമാണ്.

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മുൻ നായകൻ വിരാട് കോലി പുറത്തായിരിക്കുകയാണ്. റണ്ണൊന്നും എടുക്കാതെ പൂജ്യത്തിനാണ് കോലി പുറത്തായത്.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഹൈദരാബാദ് രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പേസർ ഫസലാഖ് ഫാറൂഖി ഇന്ന് ഹൈദരാബാദിനായി അരങ്ങേറ്റം കുറിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശ്രേയസ് ഗോപാലിന് പകരം ജെ സുചിത്തും ഹൈദരാബാദ് ടീമിലെത്തിയിട്ടുണ്ട്.

Read More: ‘ടി 20 ലോകകപ്പിൽ ബുമ്രയ്ക്കൊപ്പം പന്തെറിയാൻ ഉമ്രാൻ മാലിക്കുണ്ടാവണം’; നിർദേശവുമായി മുൻ ഇന്ത്യൻ താരം

എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ 13 റൺസിനാണ് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീഴ്ത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 56 റണ്‍സെടുത്ത ഡെവോണ്‍ കോൺവേ ചെന്നൈക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

അതേ സമയം സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വമ്പൻ വിജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയത്. ഒൻപത് വിക്കറ്റിനാണ് ഹൈദരാബാദ് ആർസിബിയെ തകർത്തെറിഞ്ഞത്. ആർസിബിയുടെ ഇന്നിങ്‌സ് 16.1 ഓവറിൽ 69 റൺസിലൊതുങ്ങിയപ്പോൾ വെറും 8 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം നേടി.

Story Highlights: Bangalore won the toss and chose to bat against hyderabad