ഒരു ‘മിന്നൽ’ ചിത്രം; വൈറലായി രാജസ്ഥാൻ-ഡൽഹി മത്സരത്തിനിടയിൽ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം

May 12, 2022

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മിന്നുന്ന വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. രാജസ്ഥാൻ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ മറികടന്ന് 8 വിക്കറ്റിന്റെ മികച്ച വിജയമാണ് ഡൽഹി നേടിയത്. 89 റൺസെടുത്ത മിച്ചൽ മാർഷും പുറത്താകാതെ 52 റൺസ് അടിച്ചു കൂട്ടിയ ഡേവിഡ് വാർണറും ചേർന്നാണ് ഡൽഹിക്ക് തകർപ്പൻ വിജയം നേടി കൊടുത്തത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോൾട്ടും ചാഹലും ഓരോ വിക്കറ്റ് വീതം നേടി.

ഇപ്പോൾ രാജസ്ഥാൻ-ഡൽഹി മത്സരത്തിലെ ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലോകം മുഴുവൻ മികച്ച വിജയം നേടിയ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫും ഭാര്യ എലിസബത്തും മത്സരത്തിനിടയിൽ എടുത്ത ഒരു സെൽഫിയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ ഇരുവരും രാജസ്ഥാൻ ജേഴ്‌സി അണിഞ്ഞാണ് നിൽക്കുന്നത്.

ബേസിലും രാജസ്ഥാന്റെ നായകൻ മലയാളി താരം സഞ്ജു സാംസണും തമ്മിൽ മികച്ച സൗഹൃദമാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള ഇന്റർവ്യൂ ഈയടുത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. മിന്നൽ മുരളി’യുടെ റിലീസ് നടക്കുന്ന സമയത്താണ് ഇന്റർവ്യൂ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്.

പരിമിതമായ നിർമാണച്ചിലവിൽ ഒരുങ്ങിയ മിന്നൽ മുരളി മികച്ച ഒരു സൂപ്പർഹീറോ ഒറിജിൻ സിനിമയായാണ് ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം സോഫിയ പോളാണ് നിർവഹിച്ചത്. സംവിധായകൻ കൂടിയായ സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

Read More: ‘എന്ത് ചോദ്യമാണ് സുഹൃത്തേ..’; ഷെയ്ന്‍ വോണിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

അതേ സമയം ഇന്നലത്തെ മത്സരത്തിലെ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനവും വൈകുമെന്നുറപ്പായി. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് രാജസ്ഥാൻ ഇന്നലത്തെ മത്സരത്തിനിറങ്ങിയത്. 11 മത്സരങ്ങളിൽ നിന്നും 14 പോയിന്റായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. ഇന്നലെ ഡൽഹിക്കെതിരെ ജയിച്ചിരുന്നെങ്കിൽ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു.

Story Highlights: Basil joseph and wife instagram pic goes viral