‘മമ്മൂട്ടിക്ക് ഒരു ബിഗ് സല്യൂട്ട്’; മമ്മൂട്ടിയുടെ അഭിനയ പാടവത്തെ പുകഴ്ത്തി സംവിധായകൻ ഭദ്രൻ

May 14, 2022

കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു ‘ഭീഷ്‌മപർവ്വം.’ പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തു വന്ന ചിത്രം കൂടിയായിരുന്നു മമ്മൂട്ടി-അമൽ നീരദ് കൂട്ടുക്കെട്ടിലൊരുങ്ങിയ ഭീഷ്മപർവ്വം. വലിയ കാത്തിരിപ്പിന് ശേഷം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്.

പ്രേക്ഷകരോടൊപ്പം സിനിമ മേഖലയിലെ പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഭദ്രനാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയ മികവിനെയും പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും മികച്ച രീതിയിലാണ് അമൽ നീരദ് എന്ന സംവിധായകൻ ഭീഷ്മപർവ്വം ഒരുക്കിയതെന്നും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റുകളൊന്നും ഇല്ലാതെ വളരെ കയ്യടക്കത്തോടെയാണ് അമൽ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതെന്നും പറയുകയാണ് ഭദ്രൻ.

വളരെ സൂക്ഷ്‌മമായ അഭിനയത്തിലൂടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് നടൻ മമ്മൂട്ടി കാഴ്‌ചവെച്ചതെന്നും ഭദ്രൻ കൂട്ടിച്ചർത്തു. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം പുറത്തെടുത്ത മമ്മൂട്ടിക്ക് ഒരു ബിഗ് സല്യൂട്ട് നൽകുന്നുവെന്നും സംവിധായകൻ പറഞ്ഞു.

Read More: ബാംഗ്ലൂർ ഡേയ്‌സിൽ നിത്യ മേനോനൊപ്പം തിളങ്ങിയ സിംബ ഇനി ഓർമകളിൽ..

മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.

Story Highlights: Bhadran praises mammootty acting