നടി ഭാവന ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം- ‘പിങ്ക് നോട്ട്’ ഒരുങ്ങുന്നു

May 13, 2022

നടി ഭാവന സിനിമാലോകത്ത് വീണ്ടും സജീവമാകുകയാണ്. കന്നഡ സിനിമയിലാണ് താരം കൂടുതലും വേഷമിടുന്നത്. ഇപ്പോഴിതാ, തന്റെ അടുത്ത കന്നഡ സിനിമയിൽ ഒപ്പുവച്ചു കഴിഞ്ഞു ഭാവന. ‘പിങ്ക് നോട്ട്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. അതിൽ നടി ഇരട്ട വേഷത്തിൽ അഭിനയിക്കും. 2017-ൽ പുറത്തിറങ്ങിയ ‘ഹായ്’ എന്ന ചിത്രം സംവിധാനം ചെയ്ത ജിഎൻ രുദ്രേഷ് ആണ് വരാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

‘പിങ്ക് നോട്ട്’ ഇരട്ട സഹോദരിമാരുടെ കഥയാണ് പിന്തുടരുന്നതെന്നും താൻ രണ്ട് വേഷങ്ങളും അവതരിപ്പിക്കുമെന്നും ഭാവന അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു. തിരക്കഥ ദൃഢമായതിനാലാണ് ചിത്രത്തിൽ ഒപ്പിട്ടതെന്നും നടി പങ്കുവെച്ചു. വരാനിരിക്കുന്ന ചിത്രം ഭാവന ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ്.

ജിഎൻ രുദ്രേഷ് സംവിധാനം ചെയ്യുന്ന ‘പിങ്ക് നോട്ട്’ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞൻ ജാസി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി.

Read Also: ‘ഇംഗ്ലീഷ് പാട്ടുകൾക്കിടയിൽ പെട്ടെന്ന് ലുങ്കി ഡാൻസ് കേൾക്കുമ്പോൾ..’- വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നു. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

Story highlights- Bhavana to play a double role in her next Kannada film