വിക്രത്തെ കാണാൻ എത്തിയ അയ്യർ; ശ്രദ്ധനേടി സിബിഐ-5 മേക്കിങ് വിഡിയോ

May 7, 2022

മമ്മൂട്ടി ആരാധകരിലേക്ക് ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് എത്തിയ ചിത്രമാണ് സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗം സിബിഐ 5- ദ ബ്രെയ്ൻ. ബാസ്കറ്റ് കില്ലിംഗ് പ്രമേയമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ മേക്കിങ് വിഡിയോ. സിനിമാ ചിത്രീകരണത്തിനിടെയിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.

 മമ്മൂട്ടി- സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ തുടങ്ങിയ കൂട്ടുകെട്ട് അഞ്ചാം തവണയും ഒന്നിച്ച ചിത്രത്തിൽ പതിവ് താരനിരയ്ക്ക് പുറമെ മലയാള സിനിമയിലെ ഒട്ടേറെ പരിചിതമുഖങ്ങളും പുതുമുഖങ്ങളും അണിനിരന്നിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിൽ നടന്ന ഒരു മരണവും അതിനെ തുടർന്നുണ്ടായ അന്വേഷണങ്ങൾ കൊണ്ടെത്തിക്കുന്ന മറ്റ് കേസുകളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. ഇതുവരെയുള്ള സിബിഐ പരമ്പരകളിൽ അതിബുദ്ധിപരമായി പ്രത്യേകം ബുദ്ധിമുട്ടുകളില്ലാതെ കേസ് തെളിയിച്ചിരുന്ന സിബിഐ ടീമിന് ഈ കേസ് നിർണായകമായി മാറുന്നതും പിന്നീട് പ്രതികളെ തേടിയുള്ള അന്വേഷണത്തിൽ വന്നുചേരുന്ന ഒട്ടേറെ ട്വിസ്റ്റുകളുമാണ് ദി ബ്രെയിൻ എന്ന ചിത്രത്തെ നയിക്കുന്നത്.

Read also: വധുവിന്റെ വേഷത്തിൽ പരീക്ഷാഹാളിലേക്ക്, എക്‌സാമിന് ശേഷം കല്യാണവേദിയിലേക്കും- അനുഭവകഥ പങ്കുവെച്ച് യുവതി

മമ്മൂട്ടി, മുകേഷ്, ജഗതി, സായി കുമാർ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ആശ ശരത്ത്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, കനിഹ, അനൂപ് മേനോൻ, സുദേവ് നായർ, അൻസിബ ഹസൻ, ഇടവേള ബാബു, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക വിജയ് എന്നിങ്ങനെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് അപരിചിതമായ ബാസ്‌കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും അന്വേഷണവും വിശദമായിത്തന്നെ പ്രേക്ഷാകരിലേക്ക് ചിത്രം എത്തിക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ ‘സിബിഐ 5- ദി ബ്രെയിൻ’ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

Story highlights: CBI 5 The Brain- Making Video