വധുവിന്റെ വേഷത്തിൽ പരീക്ഷാഹാളിലേക്ക്, എക്‌സാമിന് ശേഷം കല്യാണവേദിയിലേക്കും- അനുഭവകഥ പങ്കുവെച്ച് യുവതി

May 4, 2022

മികച്ച വിദ്യാഭ്യാസവും ജോലിയും സ്വപ്നം കാണുന്നവരാണ് ഇന്നത്തെ തലമുറക്കാർ. സ്ത്രീ ആയാലും പുരുഷൻ ആയാലും സ്വന്തം കാലിൽ നിൽക്കണമെങ്കിൽ സ്വന്തമായൊരു ജോലി വേണം. ഇപ്പോഴിതാ പരീക്ഷാദിവസം തന്നെ കല്യാണവും നടത്തേണ്ടിവന്ന ഒരു യുവതിയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ ഒരു യുവതിയാണ് തന്റെ അനുഭവകഥ സോഷ്യൽ മീഡിയ സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്നത്. ഒഫീഷ്യല്‍ ഹ്യൂമണ്‍സ് ഓഫ് ബോംബെ’ എന്ന പേജിലൂടെയാണ് യുവതിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ഒരേ ദിവസം തന്നെ നടന്നതിനെക്കുറിച്ച് യുവതി പങ്കുവെച്ചിരിക്കുന്നത്.

കോളജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വിവാഹിതയായ തങ്ങളുടെ ‘അമ്മ, പഠനം പൂർത്തിയാക്കാനാകാതെ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചതും. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം പഠനം തുടരുന്നതും പറഞ്ഞുകൊണ്ടാണ് യുവതി തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. അമ്മയുടെ പരീക്ഷാ ദിവസങ്ങളിൽ താനും സഹോദരനും സ്കൂളിന് പുറത്ത് അമ്മയെ കാത്ത് നിൽക്കാറുണ്ടായിരുന്നു. അന്ന് മുതൽ തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും ഈ യുവതി പറയുന്നുണ്ട്. അങ്ങനെ പഠിച്ച് തങ്ങളുടെ അമ്മ ഒരു സ്കൂളിലെ പ്രിൻസിപ്പൽ ആയി. അതുകൊണ്ടുതന്നെ അമ്മയാണ് ഇതിനൊക്കെ പ്രചോദനമെന്നും ഈ യുവതി പറയുന്നുണ്ട്.

ഡിഗ്രിക്ക് ശേഷം സ്വന്തമായൊരു എന്‍ജിഒ തുടങ്ങണമെന്ന ആഗ്രഹത്തിലാണ് യുവതി സോഷ്യല്‍ വര്‍ക്കില്‍ ഡിഗ്രി ചെയ്തത്. അതിനിടെ പാര്‍ത്ഥിനെ കണ്ടതോടെ അത് ജീവിതത്തിലെ മറ്റൊരു ടേണിങ് പോയിന്റായി. പരിചയപ്പെട്ട് ആറ് മാസത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ പരീക്ഷയ്ക്ക് വേണ്ടിയും ഒരുങ്ങി. പക്ഷേ വളരെ ആകസ്മികമായാണ് വിവാഹദിവസം തന്നെ പരീക്ഷയും ആയത്. രണ്ടും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ആയതുകൊണ്ടുതന്നെ രണ്ടിനെയും ഒന്നിച്ച് നേരിടാൻ തീരുമാനിച്ചു.

Read also: ഡ്രൈവർമാരെ ഭയപ്പെടുത്തി ടണലിനുള്ളിൽ ഭീമൻ കുഴി, അടുത്തെത്തിയാൽ മറ്റൊന്ന്; കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ

വിവാഹം രാവിലത്തെ മുഹൂര്‍ത്തത്തില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമുള്ള മുഹൂര്‍ത്തത്തിലേക്ക് മാറ്റി. അങ്ങനെ അന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ബ്യൂട്ടിപാര്‍ലറിലെത്തി. അവിടെ നിന്നും റെഡിയായ ശേഷം രാവിലെ 10 30-ന് എക്‌സാം ഹാളിലേക്ക് വധുവിന്റെ വേഷത്തിലെത്തി. പരീക്ഷയ്ക്ക് ശേഷം അവിടെ നിന്നും നേരെ കല്യാണമണ്ഡപത്തിലേക്കും. അപ്പോഴൊക്കെ പൂർണ സപ്പോർട്ടുമായി പാര്‍ത്ഥിക്കും കൂടെയുണ്ടായിരുന്നു.

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവതിയുടെ കുറിപ്പ് ഇതിനോടകം വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് ഈ യുവതിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights; Woman Experience about Exam and Wedding on same day