ക്രിക്കറ്റിലും ജീവിതത്തിലും ചില ദിവസങ്ങൾ അങ്ങനെയാണ്, വിജയത്തിനരികെ എല്ലാം കൈ വിട്ട് പോവും; അവിശ്വസനീയ പ്രകടനം കാഴ്‌ചവെച്ച റിങ്കു സിങ്ങിന് ക്രിക്കറ്റ് ആരാധകരുടെ കൈയടി

May 19, 2022

ഒരു പക്ഷെ ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ ഒരു മത്സരമായിരുന്നു ഇന്നലെ നടന്ന കൊൽക്കത്ത-ലഖ്‌നൗ പോരാട്ടം. അവിശ്വസനീയമായ ഒന്നിലധികം പ്രകടനങ്ങൾ കണ്ട ഇന്നലത്തെ മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായതും ഒപ്പം ആരാധകർക്ക് വലിയ നൊമ്പരമാവുകയും ചെയ്‌ത ഒരു ബാറ്റിംഗ് പ്രകടനമായിരുന്നു കൊൽക്കത്ത ബാറ്റർ റിങ്കു സിംഗ് കാഴ്‌ചവെച്ചത്.

കൊൽക്കത്ത കൂറ്റൻ സ്‌കോർ പിന്തുടർന്ന് പോരാടിക്കൊണ്ടിരുന്ന മത്സരത്തിൽ പതിനാറാം ഓവറിൽ റിങ്കു സിംഗ് ക്രീസിലേക്കെത്തുമ്പോൾ ടീം ഏറെക്കുറെ പ്രതീക്ഷകൾ കൈ വിട്ടിരുന്നു. അവസാനത്തെ 4 ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 67 റൺസായിരുന്നു. കൊൽക്കത്തയുടെ ഇടിവെട്ട് ബാറ്റർ ആന്ദ്രേ റസലും പുറത്തായതോടെ ടീമിന്റെ പതനം പൂർത്തിയായി എന്നാണ് ആരാധകരും താരങ്ങളും കരുതിയത്.

എന്നാൽ അവിടുന്നങ്ങോട്ട് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയം കണ്ടത് മത്സരത്തിൽ അന്തിമ ഇലവനിൽ സ്ഥാനം പോലും ഉറപ്പില്ലാതിരുന്ന റിങ്കു സിങ്ങെന്ന ബാറ്ററുടെ അവിശ്വസനീയമായ പോരാട്ടമായിരുന്നു. സുനില്‍ നരെയ്‌നൊപ്പം 18-ാം ഓവറില്‍ ആവേശ് ഖാനെയും 19-ാം ഓവറില്‍ ജേസന്‍ ഹോള്‍ഡറേയും തകർത്തടിച്ച് റിങ്കു സിങ് അവസാന ഓവറിൽ ജയിക്കാൻ 21 റൺസ് എന്ന നിലയിലേക്ക് കൊൽക്കത്തയെ എത്തിച്ചു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ 3 പന്തുകളിൽ ഒരു ബൗണ്ടറിയും 2 സിക്‌സറുകളും നേടിയ റിങ്കു സിങ് 2 പന്തുകളിൽ 3 റൺസ് എന്ന നിലയിൽ മത്സരത്തിൽ കൊൽക്കത്ത അനായാസം വിജയം നേടുമെന്ന സ്ഥിതിയിലെത്തിച്ചു. എന്നാൽ സ്റ്റോയിനിസിന്റെ അഞ്ചാം പന്തില്‍ ലെവിസിന്‍റെ പറക്കും ഒറ്റകൈയന്‍ ക്യാച്ചില്‍ റിങ്കു സിംഗ് അവിശ്വസനീയമാം വിധം പുറത്തായി. അവസാന പന്തില്‍ ഉമേഷ് യാദവിനെ ബൗള്‍ഡാക്കി മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് റണ്‍സിന് ലഖ്‌നൗവിന്‍റെ ജയമുറപ്പിക്കുകയും ചെയ്‌തു.

Read More: തന്നെ ഏറെ ബുദ്ധിമുട്ടിച്ച പേസ് ബൗളറെ പറ്റി വിരേന്ദർ സെവാഗ്; പക്ഷെ അത് അക്തറും ബ്രെറ്റ് ലീയുമല്ല

മത്സരത്തിൽ ജയിക്കാനായില്ലെങ്കിലും വലിയ കൈയടിയാണ് റിങ്കു സിങ്ങിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. തോൽ‌വിയിൽ വിഷമമടക്കാനാവാതെ നിന്ന റിങ്കു സിങ്ങിന്റെ ദൃശ്യം ആരാധകർക്കും വലിയ നൊമ്പരമായി മാറി. ക്രിക്കറ്റിലും ജീവിതത്തിലും ചില ദിവസങ്ങൾ അങ്ങനെയാണ്. അവിശ്വസനീയമായ പ്രകടനം കാഴ്‌ചവെച്ച് തിരികെയെത്തിയാലും ചിലപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ വിജയം കൈ വിട്ട് പോവും. പക്ഷെ പോരാട്ടം തുടരുക തന്നെ ചെയ്യും….

Story Highlights: Cricket fans praise rinku singh