‘ഡാർലിംഗ്സ്’ നെറ്റ്ഫ്ലിക്സിൽ- പ്രഖ്യാപന വിഡിയോയിൽ ആലിയ ഭട്ടിനൊപ്പം താരമായി റോഷൻ മാത്യു

ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. ഈ സിനിമയിലൂടെ ബോളിവുഡിലേക്ക് ചേക്കേറുകയാണ് മലയാളത്തിന്റെ മുഖമായി മാറിയ റോഷൻ മാത്യു. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുകയാണ്. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവർ അഭിനയിക്കുന്ന ചിത്രം ഈ വർഷം അവസാനം റിലീസ് ചെയ്യും.
ആലിയ ഭട്ടും റോഷനും അടങ്ങുന്ന താരനിര ചിത്രത്തിന്റെ അന്നൗൺസ്മെന്റ് വിഡിയോ പങ്കുവെച്ചിരുന്നു. രസകരമായാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഡിയോയിൽ റോഷൻ മാത്യു മലയാളത്തിൽ സംസാരിക്കുന്നതും ശ്രദ്ധേയമാണ്.
ഗൗരി ഖാൻ, ആലിയ ഭട്ട്, ഗൗരവ് വർമ എന്നിവർ ചേർന്ന് നിർമ്മിച്ച ഡാർലിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജസ്മീത് കെ റീൻ ആണ്. വിശാൽ ഭരദ്വാജാണ് സംഗീതം, ഗുൽസാർ ആണ് ഗാനരചയിതാവ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയശേഷം റോഷൻ മാത്യു കുറിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു.
‘നന്ദി, പ്രിയപ്പെട്ടവരെ. അവിശ്വസനീയമാംവിധം കഴിവുള്ള അലിയ ഭട്ട്, ഷഫാലി ഷാ,വിജയ് വർമ്മ എന്നിവർക്ക് എന്റെ സ്നേഹാലിംഗനങ്ങൾ.. നിങ്ങളോടൊപ്പം പ്രവർത്തിക്കുകയും നിങ്ങൾ അഭിനയിക്കുന്നത് കാണുകയും ചെയ്യുന്നത് വളരെ മികച്ച അനുഭവമാണ്. ഞാൻ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു’- റോഷൻ മാത്യു ചിത്രം പങ്കുവെച്ച് പറഞ്ഞു.
Read Also: വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയിൽ ആഞ്ഞുതുഴഞ്ഞ് യുവാക്കൾ- പൊട്ടിച്ചിരിപ്പിക്കുന്ന സൗഹൃദകാഴ്ച
അതേസമയം, തെലുങ്ക് ചലച്ചിത്രമായ ആർആർആർ ആണ് ആലിയയുടെ അവസാന റിലീസ്. അയൻ മുഖർജിയുടെ ബ്രഹ്മശാസ്ത്രം, കരൺ ജോഹറിന്റെ ചിത്രം എന്നിവയാണ് ആലിയ നായികയായി ഒരുങ്ങുന്നത്. നിമിഷ സജയനൊപ്പം പുതിയ ചിത്രത്തിൽ എത്താനുള്ള ഒരുക്കത്തിലാണ് റോഷൻ മാത്യുവും.
സ്റ്റോറി Darlings to release on Netflix