രാജസ്ഥാൻ ആരാധകരോട് മാപ്പ് ചോദിച്ച് മില്ലർ; മത്സര ശേഷമുള്ള താരത്തിന്റെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

May 25, 2022

ഇന്നലെ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ 7 വിക്കറ്റിന്റെ മിന്നുന്ന ജയം നേടിയാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ടോസ് നഷ്‌ടമായി ഇറങ്ങിയ രാജസ്ഥാൻ കൂറ്റൻ സ്‌കോർ സ്വന്തമാക്കിയിരുന്നെങ്കിലും മറുപടി ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനവുമായി ഗുജറാത്ത് ബാറ്റർമാർ രാജസ്ഥാനിൽ നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു.

38 പന്തുകളിൽ നിന്ന് 3 ഫോറും 5 സിക്‌സറുകളുമടക്കം പുറത്താകാതെ 68 റൺസ് നേടിയ ഡേവിഡ് മില്ലറുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്തിന് മികച്ച വിജയം നേടിക്കൊടുത്തത്. ഒരു സമയത്ത് പരാജയം മുന്നിൽ കണ്ട ഗുജറാത്തിനെ നായകൻ ഹർദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേർന്ന് വിജയത്തിലേക്ക് നയിച്ചത് മില്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ പ്രസീദ് കൃഷ്‌ണ എറിഞ്ഞ ആദ്യ 3 പന്തുകളും സിക്‌സറിന് പറത്തിയാണ് മില്ലർ വിജയം രാജസ്ഥാനിൽ നിന്ന് പിടിച്ചു വാങ്ങിയത്.

ഇപ്പോൾ മത്സര ശേഷം ഡേവിഡ് മില്ലർ പങ്കുവെച്ച ഒരു ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രാജസ്ഥാൻ റോയൽസിന്റെ ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ടാണ് മില്ലർ ട്വീറ്റ് ചെയ്‌തത്‌. ‘സോറി റോയൽസ് ഫാമിലി’ എന്നായിരുന്നു മില്ലറുടെ ട്വീറ്റ്.

കഴിഞ്ഞ 2 സീസണുകളിലും മില്ലർ രാജസ്ഥാൻ ടീമിലെ താരമായിരുന്നു. എന്നാൽ മിക്ക മത്സരങ്ങളിലും റിസേർവ് ബെഞ്ചിലായിരുന്നു മില്ലറുടെ സ്ഥാനം. അതേ മില്ലർ ഇന്നലെ രാജസ്ഥാന്റെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമേൽപ്പിച്ചപ്പോൾ സ്വാഭാവികമായും രാജസ്ഥാൻ ആരാധകർക്ക് വിഷമം തോന്നിയിട്ടുണ്ടാവും. ആരാധകരോടും കൂടിയാണ് മില്ലർ ക്ഷമ ചോദിച്ചത്.

Read More: ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുമെന്ന് വിരാട് കോലി, എന്നാൽ ദീർഘ കാല ഇടവേളയാവില്ല; സൂചന നൽകി താരം

അതേ സമയം ഇന്നലത്തെ മത്സരത്തിൽ ജയിക്കാനായില്ലെങ്കിലും ഇന്ന് നടക്കുന്ന ലഖ്‌നൗവും ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുന്ന എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാൻ രാജസ്ഥാന് ഒരവസരം കൂടി ബാക്കിയുണ്ട്. അതിൽ വിജയിച്ച് ഫൈനലിൽ പ്രവേശിക്കാമെന്നാണ് സഞ്ജുവിന്റേയും സംഘത്തിന്റെയും കണക്ക് കൂട്ടൽ.

Story Highlights: David miller apologises to rajasthan team