‘കണക്ക് എനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ല’; പ്ലേ ഓഫ് സാധ്യതകളെ പറ്റി ചോദിച്ചപ്പോൾ ചിരി പടർത്തി ധോണിയുടെ മറുപടി
ഡൽഹിക്കെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ വിജയിച്ചതോടെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ചർച്ചാവിഷയമാവുകയാണ്. എന്നാൽ പ്ലേ ഓഫിൽ കയറുക എന്നത് ചെന്നൈക്ക് ഏറെക്കുറെ അസാധ്യമാണ്.
11 മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് മാത്രമുള്ള ചെന്നൈക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാലും 14 പോയിന്റ് മാത്രമേ നേടാൻ കഴിയൂ. പോയിന്റ് പട്ടികയിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ് ചെന്നൈ. അടുത്ത മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ രാജസ്ഥാനോ ബാംഗ്ലൂരോ ജയിച്ചാൽ ചെന്നൈ പ്ലേ ഓഫിൽ നിന്ന് പുറത്താവും.
അതേ സമയം ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകളെ പറ്റി ചോദിച്ചപ്പോൾ ധോണി നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. കണക്കിൽ തനിക്ക് വലിയ താൽപര്യമില്ലെന്നും സ്കൂളിൽ പഠിക്കുമ്പോഴും കണക്കിൽ താൻ മോശമായിരുന്നുവെന്നുമാണ് ആരാധകരെ ചിരിപ്പിച്ചു കൊണ്ട് ധോണി പറഞ്ഞത്.
നെറ്റ് റണ്റേറ്റിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഭേദമെന്ന് പറഞ്ഞ ധോണി മറ്റ് ടീമുകൾ കളിക്കുമ്പോൾ മറ്റ് കാര്യങ്ങളെ കുറിച്ചോർത്ത് സമ്മർദ്ദത്തിലാവാൻ താൽപര്യമില്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ താൻ ഐപിഎൽ ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. പ്ലേ ഓഫിൽ കയറിയാൽ വലിയ കാര്യം. എന്നാൽ കയറിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും തന്റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ കൂളായി ആരാധകരുടെ തല പറഞ്ഞു.
Read More: ‘അടിക്കുറിപ്പ് ആവശ്യമില്ല’- മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് പി വി സിന്ധു
അതേ സമയം ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ വമ്പൻ വിജയമാണ് ചെന്നൈ നേടിയത്. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 91 റൺസിനാണ് ചെന്നൈ ഡൽഹിയെ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 17.4 ഓവറിൽ 117 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.
Story Highlights: Dhoni gives funny reply when asked about csk play off possibilities