‘എന്റെ കുഞ്ഞു പാവയ്ക്ക് പിറന്നാൾ..’- മകളുടെ ചിത്രങ്ങളുമായി ദുൽഖർ സൽമാൻ

May 6, 2022

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടൻ ദുൽഖർ സൽമാൻ. കുടുംബവിശേഷങ്ങളൊക്കെ പതിവായി പങ്കുവയ്ക്കാറുണ്ട് താരം. തന്റെ മകൾ മറിയം അമീറയുടെ പിറന്നാൾ ദിനത്തിലും പതിവ് തെറ്റിച്ചില്ല ദുൽഖർ. മകൾക്കും ഭാര്യ അമാൽ സൂഫിയയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ദുൽഖർ സൽമാന്റെ മകൾ മറിയത്തിന് 5 വയസ്സ് തികയുകയാണ്. വളരെ ഹൃദ്യമായ ഒരു കുറിപ്പാണ് താരം പങ്കുവെച്ചത്.

‘എന്റെ കുഞ്ഞ് പാവയ്ക്ക് 5/5/5 ജന്മദിനം! വർഷം മുഴുവനും നീ കാത്തിരിക്കുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു, അത് ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ, രാജകുമാരി. നക്ഷത്രകൂട്ടം, ചന്ദ്രപ്രകാശം, മഴവില്ലുകൾ, അഗ്നിജ്വാലകളുടെ തിളക്കം, ഫെയറി ചിറകുകൾ എന്നിവയാൽ നീ നമ്മുടെ വീടിനെ ഒരു സാങ്കല്പിക ലോകമാക്കി മാറ്റുന്നു. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വേന്റി ഡാർലിംഗമാകുന്നു. ഞങ്ങൾ എല്ലാവരും നിനക്കൊപ്പം സ്നോമാൻമാരെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ ബ്രൂണോയെക്കുറിച്ച് സംസാരിക്കാറേയില്ല! എല്ലാദിവസവും സൂപ്പർകാലിഫ്രാഗിലിസ്റ്റിക് എക്‌സ്പിയലിഡോഷ്യസ് ആണ്, നിങ്ങൾ ഞങ്ങളെ ഹകുന മാറ്റാറ്റയിലൂടെയാണ് ജീവിക്കുന്നത്! ബേബി ഗേൾ, നിന്നോടൊപ്പം ഇത് ഒരു പുതിയ ലോകമാണ്..’- ദുൽഖർ കുറിക്കുന്നു.

Read Also: ഡ്രൈവർമാരെ ഭയപ്പെടുത്തി ടണലിനുള്ളിൽ ഭീമൻ കുഴി, അടുത്തെത്തിയാൽ മറ്റൊന്ന്; കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ

ആരാധകർക്ക് ദുൽഖറിനെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ദുൽഖറിന്‍റേയും അമാലിന്‍റേയും കുഞ്ഞുമാലാഖ മറിയം അമീറ സൽമാനും. മറിയത്തിന്റെ പിറന്നാൾ ആഘോഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാനും അമാലിനുമായി പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ ജനനവാര്‍ത്ത പങ്കുവെച്ചുകൊണ്ട് സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു, എനിക്കൊരു രാജകുമാരിയെ ലഭിച്ചിരിക്കുന്നുവെന്നായിരുന്നു അന്ന് ദുൽഖര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.

നിരവധിപേരാണ് മറിയത്തിന് ആശംസയുമായി എത്തിയത്. എന്റെ രാജകുമാരിക്ക് പിറന്നാൾ എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച ചിത്രവും ശ്രദ്ധേയമായിരുന്നു. കുഞ്ചാക്കോ ബോബൻ, നസ്രിയ എന്നിവരും മറിയത്തിന് ആശംസ അറിയിച്ചു.

Story highlights- Dulquer Salmaan pens a heartwarming note as his daughter Maryam turns 5