ഒരിക്കലും പറയാത്ത വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയകഥ- ദുൽഖർ

May 7, 2022

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രതാരം മമ്മൂട്ടിയുടെ സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടേയും ഭാര്യ സുൽഫത്തിന്റെയും വിവാഹ വാർഷികത്തിന്റെ വിശേഷങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇന്നലെ ആയിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടുള്ള മകൻ ദുൽഖർ സൽമാന്റെ പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

മമ്മൂട്ടിയുടെയും സുല്‍ഫത്തിന്‍റെയും പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ആശംസകൾ നേർന്നത്. ‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ, ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

1979 മേയ് ആറിനാണ് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും വിവാഹം. അക്കാലത്ത് വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മമ്മൂട്ടി പിന്നീടാണ് സിനിമ മേഖലയിലെ സ്ഥിരസാന്നിധ്യമായി മാറുന്നത്.

Read also; വിക്രത്തെ കാണാൻ എത്തിയ അയ്യർ; ശ്രദ്ധനേടി സിബിഐ-5 മേക്കിങ് വിഡിയോ

1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. ഓഗസ്റ്റ് ആറിന് ആയിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തോപ്പില്‍ ഭാസി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് സേതുമാധവന്‍ ആണ്. സത്യനും പ്രേം നസീറും ഷീലയും പ്രധാന കഥപാത്രങ്ങളായെത്തിയ ചിത്രത്തിലൂടെയായിരുന്നു മെഗാസ്റ്റാറിന്റെ അരങ്ങേറ്റം എന്നതും കൗതുകകരമാണ്. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍…. ഇനിയും കാത്തിരിക്കുകയാണ് ആ മഹാരഥന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കായി ചലച്ചിത്രലോകം.

Story highlights; Dulquer salmaan post about Mammootty and Sulfath