പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കി സിനിമ ലോകവും ആരാധകരും; സമൂഹമാധ്യമങ്ങളിൽ വൈറലായി വ്യത്യസ്‌തമായ പിറന്നാളാശംസകൾ

May 21, 2022

ഇന്ന് നടൻ മോഹൻലാലിൻറെ പിറന്നാൾ ദിനമാണ്. ലോകമെങ്ങുമുള്ള മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ വലിയ ആഘോഷമാക്കുകയാണ്. സമൂഹമാധ്യമങ്ങളിലൊക്കെ സിനിമ രംഗത്തെ പ്രമുഖ താരങ്ങളും ഒപ്പം പ്രേക്ഷകരും മോഹൻലാലിന് പിറന്നാളാശംസ നേർന്ന് കൊണ്ട് പങ്കുവെച്ച കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറയുകയാണ്.

ഇപ്പോൾ മോഹൻലാലിനുള്ള വളരെ വ്യത്യസ്‌തമായ മറ്റൊരു ആശംസയാണ് ആരാധകർക്ക് കൗതുകമാവുന്നത്. മലയാളത്തിലെ സൂപ്പർ താരവും മോഹൻലാലിൻറെ അടുത്ത സുഹൃത്തുമായ നടൻ പൃഥ്വിരാജ് മോഹൻലാലിന് പിറന്നാളാശംസ നേർന്ന് കൊണ്ട് പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്‌ത്‌ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്‌സ് കട്ട് ആണ് താരം ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌. ചിത്രത്തിലെ മോഹൻലാലിൻറെ ഡയലോഗുകളും രസകരമായ അഭിനയമുഹൂർത്തങ്ങളും ഉൾപ്പെടുത്തി റിലീസ് ചെയ്‌തിരിക്കുന്ന ഗാനം ഇപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’ എന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് തന്റെ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്.

നേരത്തെ നടൻ മമ്മൂട്ടിയും മോഹൻലാലിന് പിറന്നാളാശംസ നേർന്നിരുന്നു. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്ന അടിക്കുറിപ്പോടെ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read More: പിറന്നാൾ നിറവിൽ ലാലേട്ടൻ, ആശംസയുമായി മമ്മൂക്ക

അതേ സമയം മോഹൻലാൽ ആരാധകർ പങ്കുവെച്ച മറ്റൊരു വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നുണ്ട്. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്.

Story Highlights: Fans and malayalam film industry celebrate mohanlal birthday