സ്നേഹം വിളമ്പി ഒരു കൂട്ടം ആളുകൾ; അറിയാം ഭിന്നശേഷിക്കാർ നടത്തുന്ന കഫേ അർപ്പണിനെക്കുറിച്ച്…

May 19, 2022

തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിനിടെയിൽ ഒരിക്കലെങ്കിലും ഭിന്നശേഷിക്കാരായ ആളുകളെ നാം കണ്ടുമുട്ടാറില്ലേ..? ഇത്തരം കുട്ടികൾക്കായി പ്രത്യേകമായി ഒരുക്കിയ സ്കൂളുകളെക്കുറിച്ചും നമുക്കറിയാം. എന്നാൽ പഠനത്തിന് ശേഷം ഇത്തരം കുട്ടികൾ എന്തുചെയ്യും. ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ.. സാധാരണ ആളുകൾക്ക് കടന്നുചെല്ലാവുന്ന എല്ലാ മേഖലകളിലും ഇവർക്ക് കടന്നുചെല്ലാനാകുമോ..? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ചിലപ്പോൾ നമുക്കിടയിൽ ഉയർന്നേക്കാം. അത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരിടമാണ് മുംബൈയിലെ കഫേ അർപ്പൺ.

2018 ലാണ് കഫേ അർപ്പൺ ആരംഭിച്ചത്. സന്നദ്ധ പ്രവർത്തകയായ അഷതയാണ് ഈ സ്ഥാപനത്തിന് പിന്നിൽ. ഓട്ടിസം ബാധിച്ചവരും ഡൗൺ സിൻഡ്രോം ബാധിതരായവരുമാണ് ഈ കഫേ അർപ്പണിലെ ജോലിക്കാർ. ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും ഉൾപ്പെടെ എല്ലാ ജോലികളും ഇവിടെ ചെയ്യുന്നത് ഇവരാണ്. എന്നാൽ ഈ കഫേ ഇപ്പോൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇത്തരത്തിൽ ഭിന്നശേഷിക്കാരായ ആളുകളുടെ ജീവിതം കൂടുതൽ മനോഹരമാക്കുന്നതിനായി ഈ കഫേ അടക്കമുള്ള ഇത്തരം സ്ഥാപനങ്ങൾ കൂടുതലായും നല്ല രീതിയിൽ നടക്കേണ്ടതുണ്ട്.

അതേസമയം മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സ്‌പെഷ്യൽ സ്കൂളും ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതായി ഇത്തരം കുട്ടികൾ നടത്തുന്ന ഒരു സൂപ്പർ മാർക്കറ്റ് തുറന്നുകഴിഞ്ഞു ഊർജ സ്‌പെഷ്യൽ സ്കൂൾ. ഇതോടെ ഭിന്നശേഷിക്കാരായ കുട്ടികൾ നടത്തുന്ന രാജ്യത്തെ ആദ്യ സൂപ്പർമാർക്കറ്റ് ആയി മാറിയിരിക്കുകയാണ് ഇത്. ഉർജ സ്‌പെഷ്യൽ സ്‌കൂൾ നടത്തുന്ന ദമ്പതികളായ ഡോ. മിഹിർ പരേഖും, പൂജാ പരേഖുമാണ് സൂപ്പർമാർക്കറ്റ് എന്ന ആശയത്തിന് പിന്നിൽ. ചൈൽഡ് സൈക്കോളജിസ്റ്റും സ്പെഷ്യൽ എഡ്യൂക്കേറ്ററുമാണ് ഡോ. മിഹിർ പരേഖ്.

Story highlights: First Cafe Run By People With Developmental Disabilities