അർബുദ സാധ്യത കുറയ്ക്കാൻ ഗ്രീൻ ടീ മുതൽ പാഷൻ ഫ്രൂട്ട് വരെ- അറിയാം ചില നല്ല ഭക്ഷണശീലങ്ങൾ

May 25, 2022

ഇക്കാലത്ത് പ്രായഭേദമന്യേ മനുഷ്യനെ കാർന്നു തിന്നുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. അർബുദത്തിനെതിരെ പൊരുതി ജീവിക്കുന്നവരും അർബുദത്തെ അതിജീവിച്ചവരുമൊക്കെ നമുക്ക് മുന്നിലുണ്ട്. പലപ്പോഴും നമ്മുടെ മാറിവരുന്ന ജീവിതസാഹചര്യങ്ങളും ഭക്ഷണരീതികളുമൊക്കെ കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ആ സാഹചര്യത്തിൽ ഈ രോഗത്തിന്റെ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കാൻസർ സാധ്യത കുറയ്ക്കാൻ മികച്ചതാണ് ഗ്രീൻ ടി. ഇജിസിജി എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. സെല്ലുലാർ നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നു. ആരോഗ്യപരിപാലത്തിന് ഏറ്റവും മികച്ച ഒന്നാണ് ഗ്രീൻ ടീ. ആൻറി ഓക്സിഡൻറുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ വേഗത്തിലാക്കാനും സഹായിക്കുന്നു.

Read also: മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം

ഇവയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. ഇതിന് പുറമെ ബ്രോക്കോളി, ആപ്പിൾ, പാഷൻ ഫ്രൂട്ട്, കിവി പഴം, കൂൺ എന്നിവയൊക്കെ ഭക്ഷണത്തിനൊപ്പം ശീലമാകുന്നത് ഈ അസുഖത്തിന്റെ സാധ്യത ഒരുപരിധിവരെ കുറയ്ക്കാൻ സഹായിക്കും.

ശരീരത്തിന് ഏറ്റവും അപകടകരമായ മറ്റൊന്നാണ് പുകവലി. കഴിവതും പുകവലിക്കാതിരിക്കുക. അതുപോലെ വറുത്ത ഭക്ഷണങ്ങളും ചുവന്ന മാംസവും ഉൾപ്പെടെയുള്ള ഭക്ഷണക്രമം, സസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്തതും മായം കലർന്നതുമായ ഭക്ഷണം, അമിതവണ്ണം, മദ്യപാനം, പരിസ്ഥിതി മലിനീകരണം, അണുബാധകൾ, സമ്മർദ്ദം, എന്നിവ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങളാണ്.

ഓർക്കുക: കാൻസർ തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ്.

Story highlight: Food habits to avoid cancer risk