ടൊവിനോ തോമസിന്റെ സാമുവൽ ജോൺ കാട്ടൂക്കാരൻ ബോളിവുഡിലേക്കെത്തുമ്പോൾ; ആകാംഷ നിറച്ച് ഫോറൻസിക് ടീസർ

May 21, 2022

ടൊവിനോ തോമസ് മംമ്ത മോഹൻ തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ഫോറൻസിക്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. ഇപ്പോഴിതാ മലയാളത്തിൽ കൈയടികൾ ഏറ്റുവാങ്ങിയ ചിത്രം ബോളിവുഡിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മലയാളത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച് ഗംഭീരമാക്കിയ സാമുവൽ ജോൺ കാട്ടൂക്കാരന്റെ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് വിക്രാന്ത് മാസേയാണ്. ആകാംഷയും പ്രതീക്ഷയും ഉണർത്തുന്ന ഹിന്ദി റീമേക്കിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിശാൽ ഭൂരിയ സംവിധാനം നിർവഹിക്കുന്ന സിനിമ മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഹിന്ദിയിലെത്തിക്കുന്നത്. ഫോറൻസിക്കിൽ മംമ്താ മോഹന്‍ദാസും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം മംമ്‌തയുടെ കൈകളിൽ ഭദ്രമായിരുന്ന ഐപിഎസ് റിതിക സേവ്യറുടെ വേഷം ഹിന്ദിയിൽ എത്തിക്കുമ്പോൾ ഈ കഥാപാത്രത്തെ അവതരിച്ചിരിക്കുന്നത് രാധിക ആപ്തെയാണ്. ശക്തയായ കഥാപാത്രത്തെയാണ് സിനിമയിൽ ഇരുവരും അവതരിപ്പിക്കുന്നത്.

പുറത്തിറങ്ങിയതു മുതൽ സസ്‌പെന്‍സുകള്‍ നിറഞ്ഞ ത്രില്ലര്‍ ചിത്രത്തിന്റെ ബ്രില്യന്‍സിനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേർ എത്തിയിരുന്നു. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം മലയാളത്തിൽ നിര്‍മിച്ചത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Read also: മോഹൻലാലിന് പിറന്നാൾ സമ്മാനമൊരുക്കി പൃഥ്വിരാജ്, ശ്രദ്ധനേടി വിഡിയോ

അതേസമയം മികച്ച ഒരു കുറ്റാന്വേഷണ സിനിമയായ ‘ഫോറന്‍സിക്’ ഹിന്ദിയിൽ എത്തിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമ പ്രേമികളും. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ജൂൺ 24 ന് ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Story highlights: Forensic Official Teaser