ജോജുവിന്റെ അവാർഡ് നായാട്ടിനും മധുരത്തിനും; അസാധ്യ അഭിനയമികവിന് കിട്ടിയ അംഗീകാരമെന്ന് പ്രേക്ഷകർ

May 27, 2022

രണ്ട് അതുല്യ നടന്മാർക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബിജു മേനോൻ അവാർഡിന് അർഹനായപ്പോൾ 2 സിനിമകളിൽ കാഴ്‌ചവെച്ച അസാമാന്യ പ്രകടനത്തിനാണ് നടൻ ജോജു ജോർജ് അവാർഡ് നേടിയത്.

നായാട്ട്, മധുരം എന്നീ ചിത്രങ്ങളിൽ കാഴ്‌ചവെച്ച മികച്ച പ്രകടനത്തിലൂടെയാണ് ജോജു മികച്ച നടനായത്. അസാധാരണ ജീവിത മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന സാധാരണക്കാരായ മനുഷ്യരെയാണ് നടൻ ഈ രണ്ട് ചിത്രങ്ങളിലും അവതരിപ്പിച്ചത്. സൂക്ഷ്മാഭിനയത്തിലൂടെ കഥാപാത്രങ്ങളുടെ വേദന പ്രേക്ഷകരിലേക്കെത്തിച്ച നടന്റെ പ്രകടനം ചിത്രങ്ങൾ പുറത്തു വന്നപ്പോൾ തന്നെ വലിയ രീതിയിൽ കൈയടി നേടിയിരുന്നു. ഇപ്പോൾ നടന്റെ മികവിനുള്ള അംഗീകാരം കൂടിയായി മാറുകയാണ് അവാർഡ്.

മാർട്ടിൻ പ്രക്കാട്ടാണ് ‘നായാട്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. ജോജുവിനോപ്പം കുഞ്ചാക്കോ ബോബനും മികച്ച നടിക്കുള്ള അവാർഡിന് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട നിമിഷ സജയനും ചിത്രത്തിൽ മികച്ച പ്രകടനം തന്നെ കാഴ്‌ചവെച്ചിരുന്നു. അഹമ്മദ് കബീറാണ് ‘മധുരം’ സംവിധാനം ചെയ്‌തത്‌.

Read More: അവാർഡിൽ തിളങ്ങി ‘പോത്തേട്ടൻസ് ബ്രില്യൻസും’ ‘മിന്നൽ മുരളി’യും…

അതേ സമയം രേവതിയാണ് മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയിരിക്കുന്നത്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതി പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത്. മികച്ച നടിക്കുള്ള പുരസ്കാരത്തിൽ അവസാന ഘട്ടം വരെ മത്സരിച്ചിരുന്നത് രേവതിയും നിമിഷ സജയനുമാണ്. അവസാന നിമിഷം നിമിഷയെ പിന്തള്ളിയാണ് രേവതി മികച്ച നടിക്കുള്ള അവാർഡ് നേടിയത്.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ക്രിഷാന്ത് ആര്‍ കെ സംവിധാനം ചെയ്‌ത ‘ആവാസ വ്യൂഹം’ എന്ന ചിത്രമാണ്. കേരളം അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ് ‘ആവാസ വ്യൂഹം.’

Story Highlights: Joju george receives best actor film award for 2 films