7 വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഫൈനലിലേക്ക്; രാജസ്ഥാന് രണ്ടാം ക്വാളിഫയറിൽ ഒരവസരം കൂടി
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ന് നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ 7 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിലേക്ക്. ടോസ് നഷ്ടമായി ഇറങ്ങിയ രാജസ്ഥാൻ കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നെങ്കിലും മറുപടി ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനവുമായി ഗുജറാത്ത് ബാറ്റർമാർ രാജസ്ഥാനിൽ നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു.
രാജസ്ഥാൻ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 3 പന്തുകൾ ബാക്കി നിൽക്കെയാണ് 7 വിക്കറ്റിന്റെ മിന്നുന്ന ജയം നേടിയത്. 38 പന്തുകളിൽ നിന്ന് പുറത്താവാതെ നിന്ന് 68 റൺസ് അടിച്ചെടുത്ത ഡേവിഡ് മില്ലറാണ് ഗുജറാത്തിന്റെ വിജയശിൽപി. 40 റൺസെടുത്ത നായകൻ പാണ്ഡ്യയും മില്ലറിന് ശക്തമായ പിന്തുണ നൽകി.
നേരത്തെ 56 പന്തില്‍ 89 റൺസെടുത്ത ജോസ് ബട്ലറിന്റെയും 26 പന്തില്‍ 47 റൺസ് അടിച്ചു കൂട്ടിയ നായകൻ സഞ്ജുവിന്റേയും ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസാണ് സ്കോർ ബോർഡിലേക്ക് ചേർത്തത്. സായ് കിഷോറിന്റെ പന്തില്‍ സഞ്ജു പുറത്താവുമ്പോൾ മൂന്ന് സിക്സറുകളും അഞ്ച് ഫോറും നേടിയിരുന്നു.
രാജസ്ഥാൻ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ 3 റൺസ് മാത്രമെടുത്ത യശസ്വി ജയ്സ്വാളിനെ രാജസ്ഥാന് നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ സഞ്ജു യഷ് ദയാലിനെതിരെ സിക്സടിച്ചാണ് തുടങ്ങിയത്. സഞ്ജു പുറത്തായതിന് ശേഷം ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യ ഓവറുകളിൽ പതിയെ കളിച്ച ബട്ലര് അവസാന ഓവറുകളിൽ ഗുജറാത്ത് ബൗളർമാർക്കെതിരെ തുടർച്ചയായി ബൗണ്ടറികൾ പായിച്ചു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ്. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജയിക്കാനായില്ലെങ്കിലും ലഖ്നൗവും ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുന്ന എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാൻ രാജസ്ഥാന് ഒരവസരം കൂടി ബാക്കിയുണ്ട്. അതിൽ വിജയിച്ച് ഫൈനലിൽ പ്രവേശിക്കാമെന്നാണ് സഞ്ജുവിന്റേയും സംഘത്തിന്റെയും കണക്ക് കൂട്ടൽ.
Read More: Gujarat beats rajasthan by 7 wickets and enters final