റബാഡ ഷോ; ഗുജറാത്തിനെ 143 റൺസിൽ ഒതുക്കി പഞ്ചാബ്
പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. 50 പന്തിൽ 64 റൺസെടുത്ത സായ് സുദർശന്റെ മികവിലാണ് ഗുജറാത്ത് പഞ്ചാബിനെതിരെ 144 റൺസ് വിജയലക്ഷ്യം ഉയർത്തിയിരിക്കുന്നത്.
തുടക്കം മുതൽ ഗുജറാത്തിന് ബാറ്റിംഗ് തകർച്ചയായിരുന്നു. സ്‌കോർ 44 ൽ എത്തുന്നതിന് മുൻപ് തന്നെ ടീമിന് ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്ലിനെയും വൃദ്ധിമാന്‍ സാഹയെയും ഒപ്പം നായകൻ ഹർദിക് പാണ്ഡ്യയെയും നഷ്ടമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയക്കും റാഷിദ് ഖാനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 6 ഓവറിൽ 1 വിക്കറ്റ് നഷ്‌ടത്തിൽ 43 റൺസെടുത്തിട്ടുണ്ട്.
പഞ്ചാബിനായി 4 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 4 വിലപ്പെട്ട വിക്കറ്റുകളാണ് കാഗിസോ റബാഡ പിഴുതത്. റബാഡയ്ക്കൊപ്പം സന്ദീപ് ശർമയും ഋഷി ധവാനും ലിവിംഗ്‌സ്റ്റണും പഞ്ചാബ് ബൗളിംഗ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ഇപ്പോഴുള്ളത്. 9 മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് മാത്രമുള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണുള്ളത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിന് ജയം അനിവാര്യമാണ്. അതേ സമയം പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാനായിട്ടാണ് ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. ബാംഗ്ലൂരിനെ കഴിഞ്ഞ മത്സരത്തിൽ 6 വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്. എന്നാൽ ലഖ്‌നൗവിനോട് 20 റൺസിനാണ് പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ തോൽവി നേരിട്ടത്.
Story Highlights: Gujarat gets 143 runs against punjab in first innings