ഭേദപ്പെട്ട സ്‌കോറുമായി ഗുജറാത്ത്; മറുപടി ബാറ്റിങ്ങിൽ തകർപ്പൻ അർധ സെഞ്ചുറിയുമായി കോലി

May 19, 2022

ഐപിഎല്ലിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 169 റൺസിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. അർധ സെഞ്ചുറിയുമായി നായകൻറെ പ്രകടനം കാഴ്‌ചവെച്ച ഹർദിക് പാണ്ഡ്യ നേടിയ 62 റൺസിന്റെ കരുത്തിലാണ് ഗുജറാത്ത് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്നത്. മുൻ നായകനും ബാംഗ്ലൂരിന്റെ സൂപ്പർ ബാറ്ററുമായ വിരാട് കോലി ഗുജറാത്ത് ബൗളർമാരെ തകർത്തടിക്കുന്ന കാഴ്‌ചയാണ്‌ ആരാധകരെ ആവേശത്തിലാക്കുന്നത്. ഇപ്പോൾ 9 ഓവറിൽ 77 റൺസാണ് ബാംഗ്ലൂർ അടിച്ചെടുത്തിരിക്കുന്നത്. വിരാട് കോലി 33 പന്തിലാണ് മിന്നുന്ന അർധ സെഞ്ചുറി നേടിയത്.

ഗുജറാത്തിനായി ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് പിഴുതപ്പോൾ മാക്‌സ്‌വെല്ലും ഹസരങ്കയും ഓരോ വിക്കറ്റ് വീതം നേടി. ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസണ്‍ ഗുജറാത്ത് ടീമിലെത്തി. ബാംഗ്ലൂർ ടീമിൽ മുഹമ്മദ് സിറാജിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍ അന്തിമ ഇലവനിൽ സ്ഥാനം നേടി.

Read More: ‘അവൻ ഇന്ത്യൻ ടീമിലെത്തേണ്ടവൻ..’; യുവതാരത്തെ പ്രശംസിച്ച് രവി ശാസ്ത്രിയും ഇർഫാൻ പത്താനും

നിർണായക മത്സരത്തിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ഇന്നിറങ്ങിയിരിക്കുന്നത്. ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ ജയം നേടിയാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ കഴിയൂ. ഇന്നത്തെ മത്സരത്തിലെ ജയത്തോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലത്തെയും ആശ്രയിക്കുന്നതിനാൽ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ന് വമ്പൻ വിജയം നേടേണ്ടി വരും. ഇന്ന് ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി തോറ്റാൽ മാത്രമേ ബാംഗ്ലൂരിന് പോയിന്റ് ടേബിളിൽ ആദ്യ നാലിൽ എത്താൻ കഴിയൂ.

Story Highlights: Gujarat has a decent score against bangalore