നേർക്കുനേർ കണക്കിൽ ഗുജറാത്ത് മുന്നിൽ, പക്ഷേ കരുത്തരാണ് രാജസ്ഥാൻ
ഐപിഎല്ലിലെ കന്നിക്കാരാണ് ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്. പക്ഷെ പ്രകടന മികവുകൊണ്ട് ഈ ഐപിഎല്ലിലെ ഏറ്റവും മികവുറ്റ സംഘമായി മാറാൻ ഗുജറാത്തിന് കഴിഞ്ഞു. നായകൻ പാണ്ഡ്യയുടെ കീഴിൽ ഏറെ സന്തുലിതമായ ടീമായാണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശനം. ലീഗിൽ കളിച്ച 15 മത്സരങ്ങളിൽ 10 വിജയങ്ങളുമായി പ്ലേ ഓഫിലെത്തിയ ഗുജറാത്ത് ക്വാളിഫയറിൽ രാജസ്ഥാനെയും തകർത്തു. ആദ്യ സീസണിൽ തന്നെ വളരെ എളുപ്പത്തിൽ ടീമിന് ഒത്തിണങ്ങാനായി എന്നതാണ് ഗുജറാത്തിന്റെ വിജയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം.
ഫൈനലിൽ രാജസ്ഥാനെ നേരിടുമ്പോൾ നേർക്കുനേർ പോരാട്ടങ്ങളിൽ 100 ശതമാനം വിജയം നേടിയ കരുത്തുമായാണ് ഗുജറാത്തെത്തുന്നത്. ലീഗിലെ മത്സരത്തിൽ രാജസ്ഥാനെ 8 വിക്കറ്റിന് ആധികാരികമായി തോൽപ്പിച്ച ഗുജറാത്ത് ക്വാളിഫയറിൽ അവസാന ഓവറിൽ മില്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് രാജസ്ഥാനിൽ നിന്ന് വിജയം പിടിച്ചെടുത്തത്. ഫൈനലിലേക്കെത്തുമ്പോൾ രാജസ്ഥാനെതിരെ വിജയം നേടാൻ ഈ വിജയങ്ങൾ ഗുജറാത്തിന് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്.
പക്ഷെ തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ ഗുജറാത്തിനെ ഈ സീസണിൽ ആദ്യമായി തകർത്ത് കിരീടം കൂടെ കൂട്ടാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സഞ്ജുവും സംഘവും. ഗുജറാത്തിനെ പോലെ തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരാണ് രാജസ്ഥാനും. അവസാന മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്ത് ഫൈനൽ ടിക്കറ്റെടുത്തതിന്റെ ആത്മ വിശ്വാസം രാജസ്ഥാനൊപ്പമുണ്ട്. ഓറഞ്ച് ക്യാപ് മറ്റാർക്കും വിട്ടുകൊടുക്കാതെ മുന്നേറുന്ന ഈ സീസണിൽ രണ്ടാം ക്വാളിഫയറിൽ ഉൾപ്പെടെ 4 സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ നയിക്കുന്ന ബാറ്റിംഗ് നിരയും 26 വിക്കറ്റ് നേടിയ ചാഹൽ നയിക്കുന്ന ബൗളിംഗ് നിരയും മത്സരവും കിരീടവും സ്വന്തമാക്കാൻ കരുത്തുള്ള സംഘമായി രാജസ്ഥാനെ മാറ്റുന്നു.
2008 ലെ ആദ്യ സീസണിലെ കിരീട ധാരണത്തിനു ശേഷം ആദ്യമായി ഫൈനലിലെത്തുന്ന രാജസ്ഥാന്റെ ലക്ഷ്യം തങ്ങളുടെ പ്രിയപ്പെട്ട ഷെയ്ൻ വോണിന് വേണ്ടി കിരീടം നേടുക എന്നതാണെങ്കിൽ രാജസ്ഥാനെ പോലെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടമുയർത്തുന്ന ടീമാകുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്.
ഇന്നത്തെ ഫൈനൽ മത്സരത്തിൽ ഏത് ടീം ജയിച്ചാലും കിരീടം ഉയർത്തുന്നത് ഒരു പുതിയ നായകൻറെ കരങ്ങളാവും.
Story Highlights: Gujarat has an advantage in the final match but rajasthan is equally strong