ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ; മറുപടി ബാറ്റിങ്ങിൽ നായകൻ രാഹുലിനെ നഷ്‌ടമായി ലഖ്‌നൗ

May 10, 2022

ഐപിഎല്ലിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിൽ ലഖ്‌നൗവിനെതിരെ 145 റൺസിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. അർധ സെഞ്ചുറിയെടുത്ത ശുഭ്‍മാന്‍ ഗില്ലിന്‍റെ മികവിലാണ് ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തത്.

ഗിൽ 49 പന്തിൽ പുറത്താകാതെ 63 റൺസാണ് എടുത്തത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി ആവേശ് ഖാൻ ഗുജറാത്തിന്റെ 2 വിലപ്പെട്ട വിക്കറ്റുകളാണ് പിഴുതത്. നായകൻ ഹർദിക് പാണ്ഡ്യയുടെയും മാത്യു വെയ്ഡിന്റെയും വിക്കറ്റുകളാണ് ആവേശ് ഖാൻ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് നായകൻ കെ എൽ രാഹുലിനെ നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ ലഖ്‌നൗ 7 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ 44 റൺസാണ് എടുത്തിരിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ മൂന്ന് മാറ്റങ്ങളുമായാണ് ഗുജറാത്ത് ഇറങ്ങിയത്. ലോക്കീ ഫെര്‍ഗൂസന് പകരം മാത്യൂ വെയ്‌ഡും സായ് സുന്ദരേശന് പകരം സായ് കിഷോറും പ്രദീപ് സാങ്‌വാന് പകരം യാഷ് ദയാലും ഇന്ന് ഗുജറാത്തിനായി ഇറങ്ങിയിട്ടുണ്ട്. ഒരു മാറ്റത്തോടെയാണ് കെ എല്‍ രാഹുലിന്‍റെ ലഖ്‌നൗ ഇന്നിറങ്ങിയിരിക്കുന്നത്. രവി ബിഷ്‌ണോയ്ക്ക് പകരം കരണ്‍ ശര്‍മ്മയാണ് ഇന്ന് ലഖ്‌നൗ ടീമിലുള്ളത്.

പ്ലേ ഓഫിലേക്ക് കണ്ണ് നട്ടാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമായിരിക്കും ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവുന്നത്. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും ഇന്ന് കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നത്.

Read More: ‘കണക്ക് എനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ല’; പ്ലേ ഓഫ് സാധ്യതകളെ പറ്റി ചോദിച്ചപ്പോൾ ചിരി പടർത്തി ധോണിയുടെ മറുപടി

11 മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും 8 ജയവും 3 തോൽവിയുമാണുള്ളത്. രണ്ട് ടീമുകൾക്കും 16 പോയിന്റുണ്ടെങ്കിലും റണ്‍നിരക്കില്‍ ലഖ്‌നൗ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.

അവസാന രണ്ട് കളിയിലും തോൽവി നേരിട്ടതിന്റെ ക്ഷീണവുമായിട്ടാണ് ഗുജറാത്ത് ഇന്ന് ഇറങ്ങിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 4 മത്സരത്തിലും തുടർച്ചയായി വിജയിച്ച ലഖ്‌നൗ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇന്നിറങ്ങിയിരിക്കുന്നത്.

Story Highlights: Gujarat sets a winning target of 145 for lucknow