ഹൃദയം ബോളിവുഡിലേക്ക്; നായകനായി സെയ്ഫ് അലി ഖാന്റെ മകൻ..?

May 30, 2022

മലയാളി സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയം. പാട്ടിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ബോളിവുഡിലേക്കും എത്തുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യുമ്പോൾ ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക ആരെന്നുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. സ്റ്റാര്‍ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷൻസുമാണ് ഹൃദയത്തിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

കോളജ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാട്ടുകൾക്ക് പ്രാധാന്യം നല്കികൊണ്ട് ഒരുങ്ങിയ ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. പതിനഞ്ചോളം പാട്ടുകളുമായി ഒരുങ്ങിയ ചിത്രത്തിലെ ദർശന എന്ന പാട്ട് ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വളരെയധികം ജനപ്രീതി നേടിയതാണ്.

അതേസമയം ഹിന്ദിയ്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യുമെന്നാണ് സൂചന. മലയാളത്തിൽ മികച്ച സ്വീകാര്യത നേടിയ ചിത്രം അന്യഭാഷകളിലേക്കും എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമ ലോകം.

Story highlights: Hridayam Hindi remake