ടോസ് നേടിയ മുംബൈ ഫീൽഡ് ചെയ്യുന്നു; നിർണായക മത്സരത്തിൽ ഹൈദരാബാദിന് മികച്ച തുടക്കം

May 17, 2022

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. ജീവന്മരണ പോരാട്ടത്തിനാണ് ഹൈദരാബാദ് ഇന്നിറങ്ങിയിരിക്കുന്നത്. ഇന്ന് തോൽവി നേരിട്ടാൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അതോടെ അവസാനിക്കും. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ഹൈദരാബാദ് കാഴ്‌ചവെക്കുകയെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് മുംബൈ ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നേരത്തെ തന്നെ അവസാനിച്ച മുംബൈ ഇനി ആരാധകർക്ക് കുറച്ചു നല്ല നിമിഷങ്ങൾ കൂടി നൽകി ഈ സീസൺ അവസാനിപ്പിക്കാനാവും ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ബാക്കിയുള്ള മത്സരങ്ങൾ ജയിച്ച് സീസൺ അവസാനിപ്പിക്കാൻ ഉറച്ചാവും മുംബൈ ഇന്നിറങ്ങിയിരിക്കുന്നത്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തങ്ങളുടെ സ്വന്തം തട്ടകത്തിൽ മത്സരത്തിറങ്ങിയെങ്കിലും ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇപ്പോൾ 10 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 97 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തിരിക്കുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. പ്രിയം ഗാര്‍ഗ്, ഫസല്‍ ഫാറൂഖി എന്നിവര്‍ ഹൈദരാബാദ് ടീമിലെത്തിയപ്പോൾ ശശാങ്ക് സിംഗും, മാര്‍കോ ജാന്‍സനും പുറത്തായി. മുംബൈ ടീമിൽ മായങ്ക് മര്‍കണ്ഡെ, സഞ്ജയ് യാദവ് എന്നിവർ അന്തിമ ഇലവനിൽ സ്ഥാനം നേടി.

Read More: ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്‌; ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ…

അതേ സമയം സൺറൈസേഴ്‌സ് ഹൈദരാബാദ് നിലവിൽ എട്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ഹൈദരാബാദിന് ഇന്നത്തെ മത്സരത്തിൽ മുംബൈക്കെതിരെയും 22 ന് നടക്കുന്ന അവസാന മത്സരത്തിൽ പഞ്ചാബിനെതിരെയും മികച്ച വിജയം നേടുന്നതിനൊപ്പം മറ്റ് ടീമുകൾ അവസാന മത്സരത്തിൽ തോൽക്കുകയും ചെയ്‌താൽ മാത്രമേ പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ കഴിയൂ. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ മുംബൈക്കെതിരെ വമ്പൻ വിജയം നേടി നെറ്റ് റൺ റേറ്റ് ഉയർത്താനാവും ഹൈദരാബാദ് ലക്ഷ്യമിടുന്നത്.

Story Highlights: Hyderabad vs mumbai ipl match