ലാലേട്ടന് പിറന്നാൾ ആശംസയുമായി യുവി; ആഘോഷമാക്കി ആരാധകർ

May 21, 2022

മലയാളികളുടെ പ്രിയതാരം മോഹൻലാലിന് ഇന്ന് പിറന്നാൾ. താരത്തിന് ആശംസകളുമായി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി നിരവധിപ്പേർ എത്തുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടുകയാണ് കായികതാരം യുവരാജ് സിംഗിന്റെ പിറന്നാൾ ആശംസ. നിത്യഹരിത സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍. അനുഗ്രഹീതവും ആരോഗ്യപൂര്‍ണവുമായ ഒരു വര്‍ഷം നേരുന്നു എന്നാണ് യുവി ട്വിറ്ററില്‍ കുറിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ആശംസ ആരാധകർ ഏറ്റെടുത്തു.

അതേസമയം മഹാനടന്‍റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാവുന്നത്. താരത്തിന് ആശംസയുമായി ചലച്ചിത്രതാരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ ആശംസകളും ഏറെ വൈറലായിരുന്നു.

ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ വ്യത്യസ്തമായ വിഡിയോയിലൂടെയാണ് മോഹൻലാലിന് പിറന്നാൾ ആശംസ നേർന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ ഡയറക്ടേഴ്സ് കട്ട് വിഡിയോ ആണ് പിറന്നാൾ സമ്മാനമായി താരം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിലെ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച വിഡിയോ വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

അണിയറയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് മോഹൻലാൽ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ട്വൽത്ത് മാൻ ആണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. മിസ്റ്ററി ത്രില്ലറായി ഒരുക്കിയ ചിത്രം മികച്ച സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ചന്തു നാഥ്‌, അനു മോഹൻ, രാഹുൽ മാധവ്, അനു സിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Story highlight: Indian cricket legend Yuvraj Singh wishes Mohanlal