‘സ്‌ക്രീനിൽ ഉമ്മയെ കാണാൻ കാത്തിരിക്കുന്നു..’- പൂർണിമയ്ക്ക് ആശംസയറിയിച്ച് ഇന്ദ്രജിത്ത്

May 25, 2022

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ നിരവധി റീഷെഡ്യൂളുകൾക്ക് ശേഷം ജൂൺ 3 ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി നിർമ്മാതാക്കൾ ട്രെയിലർ പുറത്തിറക്കിയിരുന്നു. ഇത് വരാനിരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണെന്ന ഉറപ്പ് ട്രെയ്‌ലർ നൽകുന്നുണ്ട്. ഒരു പിരീഡ് ഡ്രാമയായി എത്തുന്ന ‘തുറമുഖം’ കെ എം ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ്. കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം 1927 മുതൽ 1953 വരെയുള്ള കാലഘട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിലൂടെ നാളുകൾക്ക് ശേഷം സജീവമാകുകയാണ് പൂർണിമ ഇന്ദ്രജിത്ത്. വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂർണിമ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നത് തുറമുഖം എന്ന ചിത്രത്തിലാണ്. നിവിൻ പൊളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉമ്മയുടെ വേഷത്തിലാണ് പൂർണിമ എത്തുന്നത്. ഇപ്പോഴിതാ, പൂർണിമയ്ക്ക് ആശംസ അറിയിക്കുകയാണ് ഭർത്താവും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന നടനുമായ ഇന്ദ്രജിത്ത്.

Read also: മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം

‘എല്ലാ കഠിനാധ്വാനവും ക്ഷമയും ഫലം നൽകട്ടെ. അതിനാൽ സ്‌ക്രീനിൽ ‘ഉമ്മ’യെ കാണാൻ കാത്തിരിക്കുന്നു..’- ഇന്ദ്രജിത്ത് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു. മട്ടാഞ്ചേരിക്കാരനായ മൊയ്തു എന്ന ചെറുപ്പക്കാരനായാണ് നിവിൻ പോളി ‘തുറമുഖം’ സിനിമയിൽ എത്തുന്നത്. ‘ചാപ്പ’ സമ്പ്രദായത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം. 1940 കളിലും 50 കളിലും കൊച്ചി തുറമുഖത്ത് കുപ്രസിദ്ധമായ ‘ചാപ്പ’ സമ്പ്രദായം നിലനിന്നിരുന്നു. നിവിൻ പോളിയ്‌ക്കൊപ്പം ജോജു ജോർജ്, ഇന്ദ്രജിത്ത്, സുദേവ് ​​നായർ, മണികണ്ഠൻ, അർജുൻ അശോകൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- indrajith about poornima’s character in thuramukham movie