ഐപിഎൽ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങുന്നു; ഷെയ്ൻ വോണിന് വേണ്ടി കപ്പ് നേടാൻ രാജസ്ഥാൻ, അരങ്ങേറ്റ സീസണിൽ കിരീടം ലക്ഷ്യമിട്ട് ഗുജറാത്ത്
ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ദിവസമാണ് ഇന്ന്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ മത്സരം ഇന്ന് രാത്രി 8 മണിക്ക് തുടങ്ങുകയാണ്. രണ്ട് മാസമായി നീണ്ടു നിന്ന ഐപിഎൽ മാമാങ്കത്തിന് അങ്ങനെ ഇന്ന് അഹമ്മദാബാദിൽ കൊടിയിറങ്ങുകയാണ്. ആവേശം നിറഞ്ഞ കുറെയേറെ മത്സരങ്ങൾക്ക് ശേഷം സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും സീസണിലുടനീളം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയിരുന്നു. ഇരു ടീമുകളും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും ജയം ഗുജറാത്തിനൊപ്പം നിന്നു.
നേരിട്ട് ഏറ്റുമുട്ടിയതിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഗുജറാത്തിന് തന്നെയാണ് മുൻതൂക്കമുള്ളത്. ഈ സീസണിൽ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനൊപ്പം തന്നെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഗുജറാത്തിന്റെ വിജയം ആധികാരികമായിരുന്നെങ്കിലും ഒന്നാം ക്വാളിഫയറിൽ രാജസ്ഥാന്റെ വലിയ വെല്ലുവിളി മറികടന്ന് അവസാന നിമിഷമാണ് ഗുജറാത്ത് വിജയിച്ചത്.
എന്നാൽ കണക്കുകളിൽ കാര്യമില്ലെന്നാണ് ഇതിന് മുൻപുള്ള ഐപിഎൽ ഫൈനലുകളുടെ ചരിത്രം സൂചിപ്പിക്കുന്നത്. സീസണിലുടനീളം മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ പല ടീമുകളെയും വളരെ ബുദ്ധിമുട്ടി ഗ്രൂപ്പ് ഘട്ടം തരണം ചെയ്ത് ഫൈനലിലെത്തിയ ടീമുകൾ കീഴടക്കി കിരീടം ഉയർത്തുന്നത് ഐപിഎല്ലിൽ ഇതിന് മുൻപും കണ്ടിട്ടുണ്ട്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിലെ ഫലം തീർത്തും പ്രവചനാതീതമാണ്.
Story Highlights: Ipl final match today at ahmedabad