‘സഞ്ജു സാംസൺ ഈ സീസണിലെ ഏറ്റവും മികച്ച യുവനായകൻ’; കൈയടിയുമായി മുൻ ഇന്ത്യൻ സൂപ്പർതാരം ഇർഫാൻ പത്താൻ

May 17, 2022

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ ഞായറാഴ്‌ച നടന്ന മത്സരത്തിൽ മികച്ച വിജയം നേടിയതോടെ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. വെള്ളിയാഴ്‌ച ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയം നേടാനായാൽ രാജസ്ഥാൻ ഗുജറാത്തിന് ശേഷം പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി മാറും.

ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ സഞ്ജു സാംസണ് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും ഒരേ പോലെ സഞ്ജുവിന്റെ നായക മികവിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സഞ്ജുവിന് കഴിയുണ്ടെന്നാണ് ആരാധകരും താരങ്ങളും പറയുന്നത്.

ഇപ്പോൾ മുൻ ഇന്ത്യൻ പേസ് ബൗളർ ഇർഫാൻ പത്താൻ സഞ്ജുവിനെ പ്രശംസിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. സഞ്ജു ഈ സീസണിലെ ഏറ്റവും മികച്ച യുവനായകന്മാരിലൊരാളാണ് എന്നാണ് ഇർഫാൻ പറയുന്നത്. ആദ്യം ബാറ്റ് ചെയ്‌ത്‌ നേടിയ സ്‌കോർ ഒരു ടീം പ്രതിരോധിക്കുന്ന സമയത്താണ് ഒരു നായകന് നിർണായക റോളുള്ളത്. സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ഈ സീസണിൽ തുടർച്ചയായി അത് ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

Read More: “മുംബൈ ഇന്ത്യൻസിൽ ഒരുമിച്ച് ചിലവഴിച്ച പ്രിയപ്പെട്ട ഓർമ്മകൾ മനസ്സിലുണ്ട്..”; ആൻഡ്രൂ സൈമണ്ട്‌സിന്റെ ഓർമ്മയിൽ സച്ചിൻ ടെണ്ടുൽക്കർ പങ്കുവെച്ച കുറിപ്പ്

അതേ സമയം ഞായറാഴ്‌ച മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തിൽ 24 റണ്‍സിനാണ് രാജസ്ഥാൻ വിജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Story Highlights: Irfan pathan praises sanju samson captaincy