“മുംബൈ ഇന്ത്യൻസിൽ ഒരുമിച്ച് ചിലവഴിച്ച പ്രിയപ്പെട്ട ഓർമ്മകൾ മനസ്സിലുണ്ട്..”; ആൻഡ്രൂ സൈമണ്ട്‌സിന്റെ ഓർമ്മയിൽ സച്ചിൻ ടെണ്ടുൽക്കർ പങ്കുവെച്ച കുറിപ്പ്

May 15, 2022

ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന ആൻഡ്രൂ സൈമണ്ട്‌സിന്റെ അപ്രതീക്ഷിതമായ വേർപാടുണ്ടാക്കിയ ഞെട്ടലിലാണ് കായിക ലോകം. ശനിയാഴ്‌ച രാത്രിയാണ് സൈമണ്ട്‌സ് കാറപകടത്തിൽ കൊല്ലപ്പെടുന്നത്. ലോകം മുഴുവനുള്ള ക്രിക്കറ്റ് പ്രേമികളെ അതീവ ദുഖത്തിലാക്കിയാണ് സൈമണ്ട്‌സ് വിട പറഞ്ഞത്.

ക്രിക്കറ്റ് ആരാധകരോടൊപ്പം പല പ്രമുഖരും താരത്തിന്റെ വേർപാടിൽ മനം നൊന്ത് അനുശോചന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. സൈമണ്ട്‌സിന്റെ സഹതാരങ്ങളായിരുന്ന ഗിൽക്രിസ്റ്റും ഗില്ലസ്പിയുമൊക്കെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ ആൻഡ്രൂ സൈമണ്ട്‌സിനെ അനുസ്മരിച്ച് തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. സൈമണ്ട്‌സിന്റെ വിയോഗം നമ്മളെ എല്ലാവരെയും ഞെട്ടിക്കുന്ന വർത്തയാണെന്നാണ് സച്ചിൻ പറയുന്നത്. സൈമണ്ട്‌സ് ക്രിക്കറ്റ് മൈതാനത്തെ ഊര്‍ജ്ജസ്വലനായ താരമായിരുന്നുവെന്നും മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ മനസ്സിലുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും സച്ചിൻ തന്റെ കുറിപ്പിൽ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും സൈമണ്ട്‌സിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ഞെട്ടലിലാണ്. ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും ഏറെ പ്രിയപ്പെട്ട താരമായിരുന്നു സൈമണ്ട്‌സ്. പ്രഥമ ഐപിഎൽ ടൂർണമെന്റിൽ ഹൈദരാബാദ് ഡെക്കാൻ ചാർജേഴ്‌സിന്റെ താരമായിരുന്നു സൈമണ്ട്‌സ്.

Read More: പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള പോരാട്ടം; ഐപിഎല്ലിൽ ഇന്ന് 7.30 ന് രാജസ്ഥാനും ലഖ്‌നൗവും ഏറ്റുമുട്ടുന്നു

46 വയസ്സായിരുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന്. സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നാണ് പോലീസ് പറയുന്നത്.

Story Highlights: Sachin tweets about his memories with andrew symonds