‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’; മോഹൻലാലിൻറെ ഇരുപതാം നൂറ്റാണ്ടിന് ആദ്യമായി തിയേറ്ററുകളിൽ കരഘോഷം മുഴങ്ങിയിട്ട് ഇന്നേക്ക് 35 വർഷങ്ങൾ

May 14, 2022

ഇന്ത്യൻ സിനിമയിലെ ഇതിഹാസമാണ് മോഹൻലാൽ എന്ന നടൻ. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടാക്കിയെടുത്ത നടനാണ് അദ്ദേഹം. വ്യത്യസ്‌തമായ ഒട്ടേറെ കഥാപാത്രങ്ങളെയാണ് അദ്ദേഹം നിരവധി സിനിമകളിൽ അവതരിപ്പിച്ചത്. 80 കളിലും 90 കളിലും ഇറങ്ങിയ അനേകം സൂപ്പർ ഹിറ്റ് ആക്ഷൻ, കോമഡി, കഥാചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയത്.

മോഹൻലാലിനെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാക്കിയതിൽ വലിയ പങ്കുവഹിച്ച ചിത്രമാണ് 1987 ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്.’ കെ. മധു സംവിധാനം നിർവഹിച്ച ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം ഇന്നും സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായകന്മാരിലൊരാളാണ്. ഇന്നും ടെലിവിഷനിൽ അടക്കം ചിത്രം വീണ്ടും പ്രദർശിപ്പിക്കുമ്പോൾ പുതുതലമുറയിലെ യുവാക്കളടക്കം പ്രായഭേദമന്യേ നിരവധി പ്രേക്ഷകരാണ് ചിത്രം ആസ്വദിക്കുന്നത്.

35 വർഷങ്ങൾക്ക് മുൻപ് 1987 മെയ് 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ദിനം മുതൽ കേരളത്തിലെ തിയേറ്ററുകളെ ആവേശത്തിലാക്കിയ ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക് മനഃപാഠമാണ്. അത്തരത്തിലൊരു ഡയലോഗാണ് മോഹൻലാലിൻറെ സാഗർ ഏലിയാസ് ജാക്കി പറയുന്ന ‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന ഡയലോഗ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ ‘ലൂസിഫർ’ എന്ന ചിത്രത്തിലും മോഹൻലാൽ ഇതേ ഡയലോഗ് ആവർത്തിക്കുന്നുണ്ട്. ഇത് ‘ഇരുപതാം നൂറ്റാണ്ടിലെ’ ഡയലോഗിനുള്ള ട്രിബ്യുട്ട് കൂടിയാണ്.

മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ നിരവധി സിനിമകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ഇരുപതാം നൂറ്റാണ്ട്. ചിത്രത്തിൽ ശേഖരൻ കുട്ടി എന്ന പ്രതിനായക കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് സുരേഷ് ഗോപിയും കാഴ്‌ചവെച്ചത്.

Read More: ‘മമ്മൂട്ടിക്ക് ഒരു ബിഗ് സല്യൂട്ട്’; മമ്മൂട്ടിയുടെ അഭിനയ പാടവത്തെ പുകഴ്ത്തി സംവിധായകൻ ഭദ്രൻ

ചിത്രമിറങ്ങി 22 വർഷങ്ങൾക്ക് ശേഷം സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെ വീണ്ടും ഒരു ചിത്രത്തിൽ അവതരിപ്പിക്കുകയായിരുന്നു അമൽ നീരദ്. ‘സാഗർ ഏലിയാസ് ജാക്കി റീലോഡഡ്’ എന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഇരുപതാം നൂറ്റാണ്ടിന്റെ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി തന്നെയായിരുന്നു.

Story Highlights: Irupatham noottande 35 year anniversary