‘അപരന് 34 വയസ്സ് പൂര്‍ത്തിയായി, ഒരുപാടു പേരോട് കടപ്പാട്’- ഓർമ്മ ചിത്രവുമായി ജയറാം
34 വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ പത്മരാജൻ, 1988-ൽ പുറത്തിറങ്ങിയ ‘അപരൻ’ എന്ന ദുരൂഹ ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തിന് സമ്മാനിച്ച നടനാണ് ജയറാം.പിന്നീട് അദ്ദേഹം മോളിവുഡിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളായി വളർന്നു. തന്റെ ആദ്യ ചിത്രത്തിന് 34 വർഷം തികയുമ്പോൾ ജയറാം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കിട്ടു.
‘അപരൻ’ എന്ന ചിത്രത്തിലെ ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് നടൻ കുറിച്ചിരിക്കുന്നത്. ‘മേയ് 12..ആദ്യ ചിത്രമായ അപരന് 34 വയസ്സ് പൂര്‍ത്തിയായി…ഒരുപാടു പേരോട് കടപ്പാട്…’- എല്ലാവരും ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചാണ് കമന്റ് സെക്ഷനിൽ ചോദിക്കുന്നത്. 1988ൽ പുറത്തിറങ്ങിയ ‘അപരൻ’ അക്കാലത്ത് മലയാളി പ്രേക്ഷകർക്ക് അന്യമായിരുന്ന വ്യത്യസ്തമായ ഒരു കഥാ പരിസരമായിരുന്നു പരിചയപ്പെടുത്തിയത്. ഒരു പത്മരാജൻ ക്ലാസിക്കിന്റെ എല്ലാ ഗുണങ്ങളും ഈ ചിത്രത്തിനുണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്സ് ഇപ്പോഴും പ്രേക്ഷകരിൽ സംശയം ഉളവാക്കുന്നുണ്ട്. ‘അപരൻ’ ഒരു ഗുണ്ടാസംഘ അംഗത്തോടുള്ള സാമ്യം കാരണം പ്രതിസന്ധിയിൽ അകപ്പെടുന്ന വിശ്വനാഥൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറഞ്ഞത്.
Read Also: ‘ഇംഗ്ലീഷ് പാട്ടുകൾക്കിടയിൽ പെട്ടെന്ന് ലുങ്കി ഡാൻസ് കേൾക്കുമ്പോൾ..’- വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ
അതേസമയം, ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. ‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്സ്’, ‘പഞ്ചവര്‍ണ്ണതത്ത’ ‘ലോനപ്പന്റെ മാമോദീസ’, ‘പട്ടാഭിരാമന്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്.
Story highlights- jayaram about 34 years of aparan movie