ഇഷ്ടനടനൊപ്പമുള്ള ചിത്രം പകർത്തി വീട്ടിൽ കാണിക്കാൻ ഫോണില്ല; സെൽഫി ഫ്രെയിം ചെയ്തുനൽകി ജയസൂര്യ

May 24, 2022

മലയാളികളുടെ പ്രിയനടൻ ആണ് ജയസൂര്യ. ആരാധകരോട് എപ്പോഴും അടുപ്പം പുലർത്താറുള്ള താരം, അവർക്കായി ഹൃദ്യമായ സർപ്രൈസുകളും ഒരുക്കാറുണ്ട്. ഇപ്പോഴിതാ, വേറിട്ടൊരു സ്നേഹസമ്മാനമാണ് നടൻ ആരാധികയ്ക്ക് നൽകിയത്. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സർപ്രൈസ് സമ്മനം ലഭിച്ചത്.

കടയിലേക്ക് നടൻ എത്തുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ പുഷ്പ ആവേശത്തിലായിരുന്നു. ഇഷ്ടനടനെ ഒന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു അവർ. കടയിലെത്തിയപ്പോൾ പുഷ്പയുടെ ആരാധന താരം നേരിട്ടറിയുകയും ചെയ്തു. അവരെ പരിചയപ്പെടുകയും ഫോണിൽ ഒരു സെൽഫി പകർത്തുകയും ചെയ്തു ജയസൂര്യ. എന്നാൽ, ഇഷ്ടനടനെ കണ്ടകാര്യം വീട്ടിൽ ചെന്ന് പറയാനോ അവരെ സെൽഫി കാണിച്ചുകൊടുക്കാനോ പുഷ്പയുടെ കയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല.

ഇതറിഞ്ഞ ജയസൂര്യ കടയിൽ നിന്നും പോകും മുൻപ് ഈ സെൽഫി പുഷ്പയ്ക്ക് ഫ്രെയിം ചെയ്തു നൽകി. കടയിലുള്ളവരോ പുഷ്പയോ അറിയാതെ ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ പുറത്തുവിട്ടാണ് അദ്ദേഹം ഫ്രെയിം ചെയ്ത ചിത്രം പുഷ്പയ്ക് സമ്മാനിച്ചത്. ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ് ഹൃദ്യമായ ഈ സർപ്രൈസ്.

Read Also: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..

അതേസമയം, കഥാപാത്രങ്ങളിലെ പ്രത്യേകതകൊണ്ട് പ്രേക്ഷക പ്രീതിനേടിയതാണ് ചലച്ചിത്രതാരം ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ജോൺ ലൂഥർ. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതോടൊപ്പം മേരി ആവാസ് സുനോ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Story highlights- jayasurya’s surprise gift for fan