സർക്കിൾ ഇൻസ്‌പെക്ടർ ജോൺ ലൂഥർ ചുമതലയേൽക്കുന്നു; സിനിമ വിശേഷങ്ങളുമായി ജയസൂര്യ

May 19, 2022

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ പ്രത്യേകതകൊണ്ട് പ്രേക്ഷക പ്രീതിനേടിയതാണ് ചലച്ചിത്രതാരം ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ജോൺ ലൂഥർ. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവർ ചേർന്നാണ്. വാഗമണ്ണിൽ ചിത്രീകരിച്ച സിനിമ റിലീസിന് ഒരുങ്ങുകയാണ്. മെയ് 27 മുതലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. സർക്കിൾ ഇൻസ്‌പെക്ടർ ജോൺ ലൂഥർ മെയ് 27 ന് ചുമതലയേൽക്കുന്നു എന്ന പോസ്റ്ററോടെയാണ് ചിത്രത്തിന്റെ റിലീസ് വിശേഷങ്ങൾ ജയസൂര്യ പങ്കുവെച്ചത്.

‘ജോൺ ലൂഥർ’ ഒരു ത്രില്ലർ ചിത്രമാണെന്നാണ് സൂചന. ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടറായാണ് ജയസൂര്യ എത്തുന്നത്. ജോൺ ലൂഥർ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. ജോൺ ലൂഥർ അന്വേഷിച്ച രണ്ട് ക്രൈം കേസുകളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറുന്നത് എന്നാണ് സൂചന. അതേസമയം ചിത്രത്തിൽ ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, സിദ്ധിഖ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

Read also: ഏഴിമല പൂഞ്ചോലയുമായി കുഞ്ഞുഗായിക-നീളത്തിൽ ഒരു കൊഞ്ചടിയുമായി ജഡ്ജസും…

അതേസമയം മേരി ആവാസ് സുനോയാണ് ജയസൂര്യ നായകനായി അവസാനം കാഴ്ചക്കാരിലേക്കെത്തിയ ചിത്രം. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി വെള്ളിത്തിരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മേരി ആവാസ് സുനോ. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. അതേസമയം ഈശോ, കത്തനാർ, എന്താടാ സജി തുടങ്ങി നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read also; John Luther movie latest updates shares Jayasurya