‘സിനിമ തിയേറ്ററിൽ കണ്ടപ്പോൾ കുറെ കരഞ്ഞു’; മോഹൻലാൽ ചിത്രം ലോഹത്തിൽ ഡ്യൂപ്പായി അഭിനയിക്കാൻ പോയ രസകരമായ അനുഭവം പങ്കുവെച്ച് കാളി

May 8, 2022

മറ്റുള്ളവർക്ക് പ്രചോദനമാവുന്ന ജീവിതം നയിക്കുന്ന വ്യക്തികളാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ മത്സരാർത്ഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അത്തരത്തിൽ അറിവിന്റെ വേദിയിലെത്തി അനുഭവങ്ങൾ പങ്കുവെച്ച മത്സരാർത്ഥിയാണ് കാളി. സിനിമയിൽ ഡ്യൂപ്പായി അഭിനയിക്കുന്ന കാളിയുടെ പല അനുഭവങ്ങളും പ്രേക്ഷകരെ ഒരേ പോലെ രസിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു. സ്വന്തം പ്രയത്നത്താൽ സിനിമയിലേക്കെത്തിയ കാളി ഹിറ്റ് മലയാള ചിത്രങ്ങളായ മെമ്മറീസ്, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ മോഹൻലാൽ-രഞ്ജിത്ത് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലോഹം’ എന്ന ചിത്രത്തിൽ ഡ്യൂപ്പായി അഭിനയിക്കാൻ പോയ രസകരമായ ഒരനുഭവമാണ് കാളി വേദിയിൽ പങ്കുവെച്ചത്. ലോഹത്തിൽ മോഹൻലാലിനൊപ്പം ഒരു സീനിൽ ഒരുമിച്ച് വരാനുള്ള അവസരമാണ് കാളിക്ക് ലഭിച്ചത്. ഒരു ആക്‌സിഡന്റ് സീനിൽ നായികയുടെ ഡ്യൂപ്പായിട്ടാണ് കാളിയെ ചിത്രത്തിലേക്ക് വിളിക്കുന്നത്.

പക്ഷെ കാളി ഓടിച്ചപ്പോഴൊക്കെ ആക്‌സിഡന്റ് നടക്കേണ്ട സ്ഥലത്തിന് തൊട്ട് മുൻപ് വണ്ടി ഓഫായി പോവുകയായിരുന്നു. ഇത് കുറെ തവണ തുടർന്നപ്പോഴേക്കും കാളിയെ ആ റോളിൽ നിന്ന് ചിത്രത്തിന്റെ സംഘടന സംവിധായകർക്ക് മാറ്റേണ്ടി വന്നു. അന്ന് ചെറിയ നിരാശ തോന്നി എന്ന് പറഞ്ഞ കാളി പക്ഷെ ശരിക്കും ഞെട്ടിയത് സിനിമ കണ്ടപ്പോഴാണ്. മോഹൻലാലിനോടൊപ്പം നായിക ഉണ്ടായിരുന്ന ഒരു സീനിലാണ് നായികയുടെ ഡ്യൂപ്പായി കാളിയെ വിളിച്ചത്. അതിനാൽ തന്നെ ചിത്രത്തിൽ മോഹൻലാലിനൊപ്പം സ്‌ക്രീനിൽ ഒരുമിച്ചു വരാനുള്ള അവസരമാണ് തനിക്ക് നഷ്ടമായതെന്നാണ് കാളി പറയുന്നത്.

Read More: ‘എം ജി അങ്കിളിന് ഞാനൊരു പുതിയ പേരിട്ടിട്ടുണ്ട്…’; പാട്ട് വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്‌നക്കുട്ടി

തിയേറ്ററിൽ ആ സീൻ കണ്ടപ്പോൾ വലിയ വിഷമം തോന്നിയെന്ന് പറഞ്ഞ കാളി ഇപ്പോഴും ടിവിയിൽ ആ സീൻ കാണുമ്പോൾ തന്റെ നഷ്ടമായ അവസരം ഓർത്തു കരയാറുണ്ടെന്നും തുറന്നു പറഞ്ഞു.

Story Highlights: Kali shares her shooting experience in Loham