‘ഇത് വേണ്ട കമൽ, ഇതിനേക്കാൾ നല്ല കഥ വരട്ടെ..’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം വൈകുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് കമൽ ഹാസൻ

May 28, 2022

ജൂൺ 3 നാണ് ഉലകനായകൻ കമൽ ഹാസൻ നായകനാവുന്ന ‘വിക്രം’ തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ കമൽ ഹാസൻ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. ലുലു മാളിൽ നടന്ന ഒരു പ്രൊമോഷൻ പരിപാടിക്കിടയിൽ അവതാരകൻ ചോദിച്ച ഒരു ചോദ്യവും അതിന് കമൽ ഹാസൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

നടൻ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തെ പറ്റിയാണ് കമൽ ഹാസനോട് അവതാരകൻ ചോദിച്ചത്. മോഹൻലാലിനോടൊപ്പം ഒരുമിച്ച് സിനിമ ചെയ്‌ത കമൽ എന്നാണ് മമ്മൂട്ടിയോടൊപ്പം ഒരു സിനിമ ചെയ്യുന്നത് എന്നാണ് അവതാരകൻ ചോദിച്ചത്. അത്തരമൊരു സിനിമക്കായി ഇതിന് മുൻപും ശ്രമിച്ചിട്ടുണ്ടെന്നും അപ്പോഴൊക്കെ ഇത് വേണ്ട കമൽ ഇതിനേക്കാൾ നല്ല കഥ വരട്ടെ അപ്പോൾ ചെയ്യാമെന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും കമൽ ഹാസൻ പറഞ്ഞു. അടുത്ത് തന്നെ അത് സംഭവിക്കട്ടെ എന്നും അദ്ദേഹം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

Read More: ആരാധകർക്ക് മറ്റൊരു സർപ്രൈസ് നൽകി കമൽ ഹാസൻ; ‘ഇന്ത്യൻ 2’ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ഉലകനായകൻ

100 കോടിയോളം രൂപയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഓൺലൈൻ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

Story Highlights: Kamal hasan about doing a movie with mammootty