ആരാധകർക്ക് മറ്റൊരു സർപ്രൈസ് നൽകി കമൽ ഹാസൻ; ‘ഇന്ത്യൻ 2’ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ഉലകനായകൻ

May 26, 2022

കഴിഞ്ഞ കുറച്ചു നാളുകളായി വലിയ സർപ്രൈസുകളാണ് ഉലകനായകൻ കമൽ ഹാസൻ ആരാധകർക്ക് നൽകികൊണ്ടിരിക്കുന്നത്. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പ്രീ റിലീസ് ഹൈപ്പ് നേടിയ ‘വിക്രം’ ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ശങ്കറിന്റെ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ അധികം വൈകാതെ ചിത്രീകരണം ആരംഭിക്കുന്നുവെന്നാണ് ഇപ്പോൾ അറിയുന്നത്. കമൽ ഹാസൻ തന്നെയാണ് ചിത്രത്തിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടത്. ‘ഇന്ത്യൻ 2’ ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാൻ തന്നെയാണ് തീരുമാനമെന്നുമാണ് കമൽഹാസൻ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ വീണ്ടും ആരംഭിക്കുമെന്നും നടൻ വ്യക്തമാക്കി.

2019 ൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പക്ഷെ പിന്നീട പല കാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് മുടങ്ങി പോവുകയായിരുന്നു. 200 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്.

Read More: ‘എമ്പുരാൻ’ ഒരുങ്ങിക്കഴിഞ്ഞു- തിരക്കഥ പൂർത്തിയായതായി മുരളി ഗോപി

അതേ സമയം കമൽ ഹാസൻ ചിത്രം ‘വിക്രം’ ജൂൺ 3 നാണ് തിയേറ്ററുകളിലെത്തുന്നത്. കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്.

അതോടൊപ്പം തമിഴ് സൂപ്പർ താരം സൂര്യയും ചിത്രത്തിൽ അതിഥി താരമായി എത്തുന്നുവെന്ന് കമൽ ഹാസൻ സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ താര സമ്പന്നമായിരുന്ന ചിത്രത്തിൽ സൂര്യ കൂടി ചേരുന്നതോടെ ആദ്യ ദിവസം തിയേറ്ററുകൾ ഉത്സവപ്പറമ്പാവുമെന്ന കാര്യത്തിൽ സംശയമില്ല.

Story Highlights: Kamal hasan says Indian 2 shooting will commence soon