‘എമ്പുരാൻ’ ഒരുങ്ങിക്കഴിഞ്ഞു- തിരക്കഥ പൂർത്തിയായതായി മുരളി ഗോപി

May 26, 2022

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് മുരളി ഗോപി. ലൂസിഫറിന്റെ വലിയ വിജയം രണ്ടാം ഭാഗമായ എമ്പുരാനും പ്രതീക്ഷ പകരുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്.

തിരക്കഥയുടെ അവസാന ഡ്രാഫ്റ്റിന്റെ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് മുരളി ഗോപി തിരക്കഥ പൂർത്തിയായതായി അറിയിച്ചത്. സംവിധായകനായ പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയുടെ പോസ്റ്റിന് രസകരമായ ഒരു കമന്റ് ചെയ്തിട്ടുണ്ട്.സൂപ്പർഹിറ്റ് ചിത്രമായ ‘ലൂസിഫറിന്റെ’ രണ്ടാം ഭാഗത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ താൻ പദ്ധതിയിടുകയാണെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞിരുന്നു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ രണ്ടു വർഷം പിന്നിടുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു.

Read Also: നായയായി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം; ശ്രദ്ധനേടി രൂപമാറ്റത്തിന്റെ വിഡിയോ

2021ലാണ് എമ്പുരാൻ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധികൾ അകന്നതോടെ ഉടൻ തന്നെ പൃഥ്വിരാജ്-മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ട് എമ്പുരാനായി കൈകോർക്കുമെന്ന് സൂചിപ്പിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ രചന പൂർത്തിയായതിന് ശേഷമേ എമ്പുരാൻ തുടക്കമിടു എന്നും മുരളി ഗോപി പങ്കുവെച്ചിരുന്നു. അതേസമയം, സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ റിലീസ്.

Story highlights- ‘L2: Empuraan’ is ready for Launch