‘എന്നാൽ ഒന്ന് തിരിഞ്ഞു നോക്കിക്കോ’; ആരാധകരെ വികാരാധീനരാക്കി ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നൽകി കമൽ ഹാസൻ

May 24, 2022

നാല് വർഷങ്ങൾക്ക് ശേഷം ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തുന്ന കമൽ ഹാസൻ ചിത്രമാണ് ‘വിക്രം.’ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

വിക്രത്തെ പറ്റിയുള്ള പല വാർത്തകളും വലിയ ആവേശത്തോടെയാണ് നേരത്തെ സിനിമ പ്രേക്ഷകരും ആരാധകരും പങ്കുവെച്ചത്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തന്റെ ചില ആരാധകരെ കാണാൻ കമൽ ഹാസൻ നേരിട്ട് എത്തിയതിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിക്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് വിഡിയോ പുറത്തു വിട്ടത്.

കമൽ ഹാസൻ തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിക്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്യുന്ന സമയത്താണ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് കമൽ ഹാസൻ അവർക്ക് പിറകിൽ വന്ന് നിൽക്കുന്നത്. അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയതാരത്തെ കാണുന്ന ആരാധകർ വികാരാധീനരാവുന്നതും അവരെ കമൽ ഹാസൻ ചേർത്ത് നിർത്തി ആശ്ലേഷിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

Read More: ‘ഓഡ് ഓർ ഈവൻ?’- ‘ട്വൽത്ത് മാൻ’ ലൊക്കേഷനിൽ ഗെയിമുമായി മോഹൻലാൽ

അതേ സമയം ജൂൺ 3 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 100 കോടിയോളം രൂപയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഓൺലൈൻ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. റിലീസിന് മുൻപ് തന്നെ നടന്ന ചിത്രത്തിന്റെ ഈ വമ്പൻ ഓൺലൈൻ ബിസിനസ്സ് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

Story Highlights: Kamal hasan surprises his fans